ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർത്ഥിനിയായ മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സി.ഐയെ സസ്‌പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് നടത്തിയ കോൺഗ്രസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിന് നേരെ സമരക്കാർ കല്ലെറിഞ്ഞു. ഇവിടേക്ക് വലിയ പ്രകടനമായി എത്തിയ പ്രവർത്തകർ ആദ്യം വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകർ പിന്മാറാതിരുന്നതോടെ പോലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു.

സി.ഐ.സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ ഇന്നലെ പകലാണ് സമരം ആരംഭിച്ചത്. കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യും വരെ സമരം തുടരുമെന്നാണ് കോൺഗ്രസ് നിലപാട്. പോലീസ് സമരക്കാരെ പ്രകോപിപ്പിച്ച് അക്രമാസക്തരാക്കാൻ ശ്രമിക്കുന്നതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഒരു പെൺകുട്ടി പോലീസുകാരന്റെ പേരെഴുതി വച്ച് ആത്മഹത്യ ചെയതിട്ട് സർക്കാർ എന്തു ചെയ്‌തെന്ന് ഷിയാസ് ചോദിച്ചു.

അതേസമയം പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. വൻ സേനയെയാണ് പോലീസ് വിന്യസിച്ചിരിക്കുന്നത്. മൊഫിയ നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ സി.ഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നാണ് പോലീസ് റിപ്പോർട്ട്. ഒക്ടോബർ 29ന് പരാതി ഡി.വൈ.എസ്.പി സി.ഐക്ക് കൈമാറിയിരുന്നു. എന്നാൽ സി.ഐ തുടർനടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ല. കേസെടുക്കാതെ 25 ദിവസമാണ് പോലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സി.ഐ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.