കൊച്ചി> മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ഡിവിആര്‍ ഹാര്‍ഡ് ഡിസ്ക് മീന്‍പിടിത്തക്കാരന്റെ വലയില്‍ കുടുങ്ങി.

പൊലീസ് അന്വേഷിക്കുന്ന ഹാര്‍ഡ് ഡിസ്ക്കാണ് ഇതെന്ന് തിരിച്ചറിയാനാകാതെ മീന്‍പിടിത്തക്കാരന്‍ ഡിസ്ക് വീണ്ടും കായലിലേക്ക് എറിഞ്ഞെന്നാണ് ലഭ്യമായ വിവരമെന്ന് അന്വേഷകസംഘം അറിയിച്ചു.

തിങ്കള്‍ രാവിലെ 10ന് ഇടക്കൊച്ചി കണ്ണങ്കാട്ട് പാലത്തിനുസമീപം കായലില്‍ വലയെറിഞ്ഞ മീന്‍പിടിത്തക്കാരനാണ് ഹാര്‍ഡ് ഡിസ്ക് ലഭിച്ചത്. അഗ്നി രക്ഷാസേനയുടെ സ്കൂബാ ഡൈവിങ് ടീം പരിശോധിക്കാനെത്തുംമുമ്ബാണ് ഇത്. ബുധനാഴ്ച വീണ്ടും മത്സ്യത്തൊഴിലാളികളെയും ചേര്‍ത്ത് പരിശോധന നടത്തും. വല ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്താനാണ് നീക്കം.

സിസിടിവിയുടെ ഡിവിആര്‍ നശിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി എച്ച്‌ നാഗരാജു. മോഡലുകളുടെ മരണവും ഡിവിആര്‍ നശിപ്പിച്ചതും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു