തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അനുപമ. മൂന്ന് മാസത്തോളം കാലം കുഞ്ഞിനെ സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്രയിലെ ദമ്പതികൾക്ക് നന്ദി ഉണ്ടെന്നും അനുപമ പറഞ്ഞു. അവർക്ക് എപ്പോൾ വേണമെങ്കിലും കുഞ്ഞിനെ കാണാം. അവരോട് തെറ്റ് ചെയ്തത് താനോ മകനോ അല്ല. തന്റെ മകനെ സ്വീകരിച്ചതിന്റെ പേരിൽ അവർക്ക് നീതി നിഷേധിക്കപ്പെടരുതെന്നും അനുപമ കൂട്ടിച്ചേർത്തു.

കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളൂ. ആഡംബര ജീവതമൊന്നുമല്ല ഞങ്ങളുടേത്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അനുപമ പറഞ്ഞു. കേസിൽ കോടതി വിധി വന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അനുപമ. കുഞ്ഞുമായി ശിശു ക്ഷേമ സമിതിയ്‌ക്ക് മുന്നിലെ സമരപന്തലിൽ എത്തിയ ശേഷമായിരുന്നു അനുപമയുടെ പ്രതികരണം. പിന്നീട് കുഞ്ഞുമായി അനുപമ സുഹൃത്തിന്റെ വീട്ടിലേക്ക് മടങ്ങി.

ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, സി ഡബ്ലൂ സി ചെയർപേഴ്‌സൺ സുനന്ദയ്‌ക്കും എതിരെ നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു. കേസിൽ കോടതി ഉത്തരവ് പ്രകാരം ഇന്ന് വൈകിട്ടോടെയാണ് കുഞ്ഞിനെ അനുപമയ്‌ക്ക് കൈമാറിയത്. വിധി വന്നതിന് പിന്നാലെ ജഡ്ജിയുടെ ചേംബറിൽ വെച്ച് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്‌ക്ക് കൈമാറിയത്.