കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമനം നടത്തിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ. സർവകലാശാലയ്‌ക്ക് അകത്ത് പ്രവേശിച്ച യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ പിൻവാതിൽ നിയമനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. സംഭവത്തിൽ സർവകലാശാല ചട്ടം കാറ്റിൽ പറത്തി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ സർക്കാർ പുനർനിയമനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി സർവകലാശാലയിലെത്തിയത്. ബിജെപി ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, കെ.രഞ്ജിത്ത്, ജില്ലാ സെക്രട്ടറി അർജ്ജുൻ കെ.വി, അക്ഷയ് കൃഷ്ണാ, അഭിറാം കെ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കം വിവാദമായതോടെ ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഭവത്തിൽ ഇടപെട്ടിരുന്നു. ഗോപിനാഥ് രവീന്ദ്രനോട് ഗവർണർ വിശദീകരണം തേടി. നിയമനത്തിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് ഗവർണർ ആവശ്യപ്പെട്ടത്.  അതിനിടെയാണ് നിയമന വിവാദം കത്തി നിൽക്കവെ കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന് വീണ്ടും നിയമനം നൽകാൻ സർക്കാർ ശുപാർശ ചെയ്തത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിൽ ആരോപണം നേരിടുമ്പോൾ പുനർ നിയമനത്തിനുള്ള സർക്കാർ ശുപാർശ ഗവർണർ അംഗീകരിക്കുകയും ചെയ്തു.