ഇടുക്കി: രാമക്കൽമേട്ടിലെ മലമുഴക്കി വേഴാമ്പൽ ശിൽപത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങളിൽ വിള്ളൽ. ശിൽപത്തെ ഉയർത്തി നിർത്തിയിരിക്കുന്ന തൂണിന്റെ കാലുകൾക്കാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. ശിൽപത്തിന്റെ ചുവരുകൾ വികൃതമാക്കിയ നിലയിലാണ്. രാമക്കൽമേട്ടിലെ കുറവൻ കുറത്തി ശിൽപത്തിന് സമീപമായി സ്ഥാപിച്ച മലമുഴക്കി വേഴാമ്പൽ ശിൽപത്തിനാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്.

ഡിടിപിസിയുടെ നേതൃത്വത്തിൽ 30 ലക്ഷം രൂപ മുടക്കിയാണ് ശിൽപം നിർമ്മിച്ചിരിക്കുന്നത്. ശിൽപത്തിന്റെ സംരക്ഷണത്തിനായി ഇവിടെ ജീവനക്കാരേയും നിയമിച്ചിരുന്നു. നിലവിൽ ശിൽപം വികൃതമായ നിലയിലാണ്. ആണിയും കല്ലും ഉപയോഗിച്ച് കുത്തി വരച്ചാണ് ശിൽപം വികൃതമാക്കിയിരിക്കുന്നത്.

ശിൽപത്തിന്റെ ചില ഭാഗങ്ങൾ അടർത്തിമാറ്റിയിട്ടുണ്ട്. 2017ലാണ് ശിൽപത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. വാച്ച് ടവർ മാതൃകയിലായിരുന്നു നിർമ്മാണം. ശിൽപ്പത്തിന് മുകളിൽ കയറി വിനോദ സഞ്ചാരികൾക്ക് കാഴ്‌ച്ചകൾ കാണാനാകും. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഡിടിപിസി ഉദ്യോഗസ്ഥർ അറിയിച്ചു.