മുംബൈ: ക്രിക്കറ്റ് താരങ്ങൾക്ക് ഹലാൽ ഭക്ഷണമാണ് ഒരുക്കുന്നതെന്ന വാർത്തയിൽ പ്രതികരണവുമായി ബിസിസിഐ. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നത് ബിസിസിഐ അല്ലെന്നും ഹലാൽ കഴിക്കണമെന്ന നിബന്ധന എവിടെയും ആവശ്യപ്പെട്ടിട്ടില്ലെന്നും സംഘടന വ്യക്തമാക്കി. ബിസിസിഐ ട്രഷറർ അരുൺ ധുമാലാണ് സംഭവത്തിൽ നിർണായക പ്രതികരണം നടത്തിയത്.

ഇഷ്ടഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ ഇന്ത്യൻ ക്രിക്കറ്റർക്കുമുണ്ട്. അത് സംബന്ധിച്ച് ഒരു മാർഗനിർദേശവും ബിസിസിഐ മുന്നോട്ട് വെച്ചിട്ടില്ല. ചർച്ച ചെയ്തിട്ട് പോലുമില്ല. താരങ്ങളുടെ ഡയറ്റ് തീരുമാനിക്കുന്നത് ബിസിസിഐ അല്ലെന്നും ഭക്ഷണ കാര്യത്തിൽ സംഘടനയ്‌ക്ക് ഒരു പങ്കുമില്ലെന്നും അരുൺ ധുമാൽ വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവിൽ ബിസിസിഐ ഹലാൽ മാംസം നിർബന്ധമാക്കിയെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച വൈകിട്ടാണ് വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. കാൺപൂരിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിലെ ഭക്ഷണ മെനുവിലാണ് ഹലാൽ ഭക്ഷണം ഏർപ്പെടുത്തിയതെന്നും റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം ബീഫും പന്നിയിറച്ചിയും കഴിക്കരുതെന്നും വാർത്തകളിൽ പറഞ്ഞിരുന്നു. ഇതോടെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ് ആരംഭിച്ചത്. ഈ സാഹചര്യത്തിലാണ് വിശദീരണവുമായി ബിസിസിഐ രംഗത്തെത്തിയത്.