കൊൽക്കത്ത: ആഗോള സമുദ്രവ്യാപാര മേഖലയിൽ സുതാര്യത ഉറപ്പുവരുത്താൻ മുന്നിട്ടിറങ്ങുമെന്ന പ്രഖ്യാപനവുമായി ഇന്ത്യ. പസഫിക്കിലെ എല്ലാ രാജ്യങ്ങളുമായി വ്യാപാര മേഖലയിലെ സുതാര്യത ഉറപ്പുവരുത്താൻ മുന്നിൽ നിൽക്കുമെന്നാണ് ഇന്ത്യ ഉറപ്പുനൽകിയത്. വിദേശകാര്യ സെക്രട്ടറി റിവാ ഗാംഗുലി ദാസാണ് കിഴക്കൻ ഏഷ്യാ സമുദ്രമേഖല സമ്മേളനത്തിൽ ഇന്ത്യയുടെ പസഫിക് വാണിജ്യ നയം വ്യക്തമാക്കിയത്.

എല്ലാ രാജ്യങ്ങൾക്കും സ്വതന്ത്ര്യവും സുതാര്യവുമായ വ്യാപാരത്തിനുള്ള അവകാശമുണ്ട്. പരസ്പര നിയമങ്ങൾ പാലിച്ചുള്ള നയമാണ് സമുദ്രമേഖലകളിൽ നടപ്പാക്കേണ്ടതെന്ന് ഇന്ത്യ വ്യക്തമാക്കി. നിലവിൽ പസഫിക്കിൽ വ്യാപാര രംഗത്ത് എല്ലാവരുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറാണ്. എല്ലാ രാജ്യങ്ങളുമായി മികച്ച ബന്ധമാണ് ഇന്ത്യക്കുള്ളത്.വാണിജ്യ രംഗത്തെ സഹകരണം സമ്പദ് വ്യവസ്ഥയുടെ ഉണർവ്വിന് അനിവാര്യമെന്നും ഇന്ത്യ വ്യക്തമാക്കി.

അഞ്ചാമത് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സമ്മേളനമാണ് കൊൽക്കത്തയിൽ നടന്നത്. ഇന്ന് സമ്മേളനം സമാപിക്കും. 2015ലാണ് ഇന്ത്യ മുൻകൈ എടുത്ത ആദ്യ സമ്മേളനം ന്യൂഡൽഹിയിൽ നടന്നത്. സമുദ്രമേഖലയിലെ സുരക്ഷയിൽ ഇന്ത്യ ശക്തമായ സാന്നിദ്ധ്യമായി മാറിയതോടെ പസഫിക്കിലെ ചെറുരാജ്യങ്ങളുടെ കപ്പൽഗതാഗതത്തിന് ഏറെ സഹായകരമായിരിക്കുകയാണ്. ക്വാഡ് സഖ്യത്തിന്റെ രൂപീകരണത്തോടെ ചൈനയുടെ സമ്മർദ്ദം കുറയ്‌ക്കാനും അമേരിക്ക-ഇന്ത്യ-ജപ്പാൻ-ഓസ്‌ട്രേലിയ നാവികസേനാ സാന്നിദ്ധ്യത്തിനായിട്ടുണ്ട്.