ന്യൂഡൽഹി: ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഭീകരസംഘടനയായ ‘ഐഎസ്‌ഐഎസ് കശ്മീരിൽ’ നിന്നാണ് അദ്ദേഹത്തിന് വധഭീഷണി ലഭിച്ചത്. ഗൗതം ഗംഭീർ ഇത് സംബന്ധിച്ച് ഡൽഹി പോലീസിൽ പരാതി നൽകി. പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായി സെൻട്രൽ ഡിസിപി ശ്വേത ചൗഹാൻ പറഞ്ഞു.

ഗൗതം ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വസതിക്ക് മുന്നിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇ-മെയിലിലാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇ-മെയിലിന്റെ ആധികാരികതയിലും, ഇ-മെയിൽ അഡ്രസിന്മേലും കൂടുതൽ പരിശോധനകൾ നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

2019ൽ ബിജെപി പ്രതിനിധിയായാണ് ഈസ്റ്റ് ഡൽഹിയിൽ നിന്നും ലോക്‌സഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 15 വർഷത്തോളം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ മിന്നും താരമായിരുന്നു ഗൗതം ഗംഭീർ. 2018ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് അദ്ദേഹം ബിജെപിയിൽ അംഗത്വം എടുക്കുന്നത്