കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരസ്പരം ക്രൂഡ് ബോംബുകൾ എറിഞ്ഞു. ബിർഭും ജില്ലയിലെ ദുബ്രജ്പൂരിൽ ചൊവ്വാഴ്ചയാണ് സംഘർഷമുണ്ടായത്. തൃണമൂൽ കോൺഗ്രസിന്റെ രണ്ട് വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. അക്രമികളെന്ന് കരുതുന്ന ഏഴ് പേരെ ജനങ്ങൾ തടഞ്ഞുവച്ചു, നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

സംഘർഷത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ബിജെപി നേതാവ് പ്രീതി ഗാന്ധി ടിഎംസി അധ്യക്ഷ മമത ബാനർജിയെ വിമർശിച്ചു. മമത ബാനർജി പരാജയപ്പെട്ട നേതാക്കളെ തൃണമൂൽ കോൺഗ്രസിൽ ഉൾപ്പെടുത്തുകയും ദേശീയ നേതാവാകാനുള്ള സ്വപ്നങ്ങൾ വളർത്തുകയും ചെയ്യുന്ന തിരക്കിലായിരിക്കുമ്പോൾ, പശ്ചിമ ബംഗാളിലെ ബിർഭൂമിൽ അവരുടെ പാർട്ടിയിലെ രണ്ട് വിഭാഗങ്ങൾക്കിടയിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പരസ്പരം ബോംബെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നായിരുന്നു അവരുടെ ട്വീറ്റ്.