ഇസ്ലാമാബാദ് : അന്താരാഷ്‌ട്ര മുന്നറിയിപ്പുകളെ കാറ്റിൽ പറത്തി ഭീകരരെ നട്ടുനനച്ച് വളർത്തി പാകിസ്താൻ. നിരോധിത ഭീകര സംഘടനായ ലഷ്‌കർ ഇ ത്വയ്ബയ്‌ക്ക് പാകിസ്താൻ സുരക്ഷിത താവളമൊരുക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന എഫ്എടിഎഫിന്റേതുൾപ്പെടെയുള്ള നിർദ്ദേശത്തെ പൂർണമായും അവഗണിച്ചാണ് പാകിസ്താന്റെ നടപടി.

ഖൈബർ പക്തുൻഖ്വയിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകര കേന്ദ്രങ്ങൾ ഇതിനോടകം തന്നെ സജീവമായിട്ടുണ്ട്. ഭീകരർക്ക് പരിശീലനം നൽകുന്നതിന് പുറമേ റിക്രൂട്ടിംഗും ഇവിടെ തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭീകര സംഘടനകളായ ഹഖ്വാനി നെറ്റ്വർക്ക്, ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ എന്നിവയുമായി കൂടുതൽ അടുക്കാനും ലഷ്‌കർ ഇ ത്വയ്ബ ശ്രമിക്കുന്നുണ്ട്. രാജ്യത്ത് ഭീകര സംഘടനയെ ശക്തിപ്പെടുത്തുകയാണ് ലഷ്‌കർ ഇ ത്വയ്ബയുടെ ലക്ഷ്യം. അഫ്ഗാനിൽ താലിബാൻ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് പാകിസ്താനിൽ ലഷ്‌കർ ഇ ത്വയ്ബ ശക്തി പ്രാപിക്കാൻ ആരംഭിച്ചതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2008 ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ ലഷ്‌കർ ഇ ത്വയ്ബയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്താരാഷ്‌ട്ര സമൂഹത്തിന്റെ കണ്ണിൽ പൊടിയിടുന്നതിനായി സ്വീകരിച്ച നടപടികൾ ഒന്നും തന്നെ ഫലപ്രദമായിരുന്നില്ല. ഇതിനിടെ അഫ്ഗാനിലുണ്ടായ താലിബാൻ അധിനിവേശം പാകിസ്താനിൽ ലഷ്‌കർ ഇ ത്വയ്ബ ശക്തിപ്രാപിക്കുന്നതിന് കാരണമായി. താലിബാന് അഫ്ഗാൻ പിടിച്ചെടുക്കാൻ നൽകിയ സഹായമായിരുന്നു ഇതിനിടയാക്കിയത്.