തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സിഡബ്ല്യസിക്കും ശിശുക്ഷേമസമിതിക്കും ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. വകുപ്പുതല അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തലുകൾ ഉള്ളത്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി വി അനുപമയാണ് അന്വേഷണം നടത്തിയത്. ദത്ത് നൽകിയതിൽ ഗുരുതര പിഴവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. ഷിജുഖാന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച ഉണ്ടായതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശിശുക്ഷേമസമിതി ഗൂഢാലോചന നടത്തിയോ എന്നത് പ്രത്യേകം അന്വേഷിക്കും.

നിർണായക രേഖകൾ വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കുഞ്ഞിനെ തിരയുന്ന വിവരം സമിതികൾ നേരത്തെ അറിഞ്ഞിരുന്നു. പത്രപരസ്യം കണ്ട ശേഷം പല തവണ അജിത്ത് ഷിജുഖാനെ വിളിച്ചുവെങ്കിലും അത് രേഖകളിലില്ല. ശിശുക്ഷേമ സമിതി രജിസ്റ്ററിലെ ഒരു ഭാഗം ചുരണ്ടിമാറ്റി. അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തൽ നടപടികളിലേക്ക് കടന്നു. ഏപ്രിൽ 22ന് സിറ്റിംഗ് നടത്തിയിട്ടും ദത്ത് തടയാൻ സിഡബ്ല്യുസി ഇടപെട്ടില്ല. അനുപമയുമായുള്ള സിറ്റിംഗിന് ശേഷവും പോലീസിനെ സിഡബ്ല്യുസി വിവരം അറിയിച്ചില്ല തുടങ്ങീ ഗുരുതര വീഴ്ചകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.