കൊരട്ടി: ജനമൈത്രി പോലീസിന്റെ സൗജന്യ പൊതിച്ചോർ വിതരണ പദ്ധതിയായ പാഥേയത്തിലേക്ക് ഷെൽഫുകളുമായി സുരേഷ് ഗോപി എം.പി എത്തി. കഴിഞ്ഞ ആറാം തിയതിയാണ് പാഥേയത്തിൽ ഭക്ഷണം വയ്‌ക്കുന്നതിന് സുരേഷ് ഗോപി ആദ്യമായി എത്തിയത്. മികച്ച സ്വഭാവനടിക്കുള്ള പുസ്‌കാരം നേടിയ ശ്രീരേഖയെ കാണാനുള്ള യാത്രയ്‌ക്കിടെയാണ് അദ്ദേഹം പാഥേയത്തെ കുറിച്ച് കൂടുതൽ അറിയാനായി ഇവിടെ എത്തിയത്. ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാൻ സൗകര്യമുള്ള ഷെൽഫുകൾ നൽകാമെന്ന് പോലീസിനും പാഥേയം കോ-ഓർഡിനേറ്റർമാർക്കും അദ്ദേഹം വാഗ്ദാനം നൽകിയിരുന്നു. ചൂടാറാത്ത ഷെൽഫ് എത്രയും വേഗം എത്തിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിനെയാണ് ചുമതലപ്പെടുത്തിയത്.

പാഥേയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊരട്ടി എസ്.എച്ച്.ഒ ബി.കെ.അരുൺ കുമാറിനേയും അദ്ദേഹം അനുമോദിച്ചിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപെട്ട ബംഗളുരുവിൽ താമസക്കാരനായ സുനിൽ നായർ പാഥേയത്തിലേക്ക് ഫുഡ് ഷെൽഫ് എത്തിക്കാമെന്ന് സുരേഷ് ഗോപിയെ വിളിച്ച് അറിയിച്ചു. ഒന്നരയാഴ്ചക്കുള്ളിലാണ് ഷെൽഫുകൾ കൊരട്ടിയിൽ എത്തിച്ചത്. തൃശൂരിൽ നിന്ന് മടങ്ങുന്ന വഴി പാഥേയത്തിലെത്തിയ സുരേഷ് ഗോപി ഷെൽഫുകൾ കൈമാറി. പ്രാതൽ പൊതികൾ ഇതിനുള്ളിൽ വച്ചാണ് ഷെൽഫിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വിശപ്പുള്ള ആർക്കും എടുത്തു കഴിക്കാവുന്ന ഭക്ഷണമെന്ന നിലയിലാണ് ഒരു വർഷം മുൻപ് പൊതുജന പങ്കാളിത്തതോടെ ജനമൈത്രി പോലീസ് പാഥേയം പദ്ധതിക്ക് തുടക്കമിട്ടത്.