ചെന്നൈ: ബുറേവി ചുഴലിക്കാറ്റിന്റെ ത്രീവ്രത കുറഞ്ഞെങ്കിലും തമിഴ്നാട്ടില്‍ അഞ്ച് പേരുടെ ജീവനെടുത്തു ചുഴലിക്കാറ്റ്. കടലൂരില്‍ സ്ത്രീയും മകളും മരിച്ചു. വീട് തകര്‍ന്ന് ദേഹത്ത് വീണായിരുന്നു മരണം. 35 വയസുള്ള സ്ത്രീയും പത്തുവയസുള്ള മകളുമാണ് മരിച്ചത്. ചെന്നൈയില്‍ വൈദുതാഘാതമേറ്റ് ഒരു യുവാവും തഞ്ചാവൂരില്‍ 40 വയസ്സുള്ള സ്ത്രീയും മരിച്ചു. പുതുക്കോട്ടെയില്‍ വീട് തകര്‍ന്ന് മറ്റൊരു സ്ത്രീ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വേറൊരു സ്ത്രീ ചികിത്സയിലാണ്.
ബുറേവി തീവ്ര ന്യൂനമര്ദ്ദമായതോടെ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. കടലൂര്‍ പുതുച്ചേരി തീരത്തും മഴ ശക്തമായി.
മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്പനില്‍ നിന്നും 70 കിമീ ദൂരത്തിലുമാണ് ബുറേവി നിലകൊള്ളുന്നത്. അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും ചില അവസരങ്ങളില്‍ 65 കിമീ വരെയുമാണ്.
അതിതീവ്ര ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
അതേ സമയം കേരളത്തില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇന്ന് പലയിടത്തും ഒറ്റപ്പെട്ട മഴക്കു സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് നിരോധനം തുടരുകയാണ്.