തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ഏറെ നിർണായകമായ ഡിഎൻഎ പരിശോധനാഫലം പോസിറ്റീവായതോടെ കുഞ്ഞിനെ നേരിൽ കണ്ട് അമ്മ അനുപമ. കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. ശിശുഭവനിലെത്തിയ അനുപമയും ഭർത്താവ് അജിത്തും കുഞ്ഞിനെ കണ്ട് തിരികെ മടങ്ങി.

നീണ്ട കാത്തിരിപ്പിന് ഒടുവിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെങ്കിലും കുഞ്ഞിനെ പിരിഞ്ഞ് ഇപ്പോൾ പോകേണ്ടി വരുന്നതിൽ സങ്കടമുണ്ടെന്നും അനുപമ പറഞ്ഞു. കുഞ്ഞി വളരെ സുഖമായി ഇരിക്കുന്നു. അവർ നന്നായി നോക്കുന്നുണ്ടെന്നും പോരാൻ നേരമായപ്പോഴേക്കും ഉറങ്ങിയെന്നും അനുപമ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

നിലവിൽ 30നാണ് കേസ് പരിഗണിക്കാൻ ഇരിക്കുന്നത്. എന്നാൽ സിഡബ്ല്യൂസി അധികൃതർ കോടതി നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. 28ന് തന്നെ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് സമർപ്പിക്കുമെന്ന് അറിയിച്ചതായും അനുപമ വ്യക്തമാക്കി.

പിറന്ന് മൂന്നാം ദിവസം കുഞ്ഞിനെ നഷ്ടമായ അനുപമ ഒരു വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് കുഞ്ഞിനെ കണ്ടത്. ഉച്ചയ്‌ക്ക് ശേഷമായിരുന്നു ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതും കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞതും. പരിശോധനയിൽ അട്ടിമറി സാദ്ധ്യതയുണ്ടെന്ന് നേരത്തെ അനുപമ പറഞ്ഞിരുന്നു. എന്നാൽ ഫലം വന്നതോടെയാണ് ആശങ്കകൾക്ക് വിരാമമായത്. തുടർന്ന് കുഞ്ഞിനെ കാണാൻ എത്തിയതോടെ ഏറെ വികാര നിർഭരമായ നിമിഷങ്ങൾക്കായിരുന്നു ശിശുഭവൻ സാക്ഷിയായത്