തിരുവനന്തപുരം : ദുൽഖർ സൽമാൻ നായകനായ ചിത്രം കുറുപ്പിന്റെ പ്രമോഷനായി വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ചതിനെതിരെ യൂട്യൂബ് വ്‌ളോഗർമാരായ ഇ- ബുൾജെറ്റ്. മോട്ടോർ വാഹന വകുപ്പ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് ഇ ബുൾജെറ്റ് വ്‌ളോഗർമാർ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെതിരെ ഇന്ന് രാത്രി ഒൻപത് മണിക്ക് ശക്തമായി പ്രതിഷേധിക്കുമെന്നും ഇവർ പറഞ്ഞു.

തങ്ങളെപോലുള്ള പാവം വ്‌ളോഗർമാർ എന്തു ചെയ്താലും അത് നിയമവിരുദ്ധമായി കാണിക്കാൻ പലരും ഉണ്ട്. തങ്ങളുടെ വണ്ടിക്കും പ്രമോഷന് വേണ്ടി സ്റ്റിക്കർ ഒട്ടിച്ച വണ്ടിയ്‌ക്കും വൈറ്റ് ബോർഡ് ആണ്. എന്നാൽ തങ്ങൾ ചെയ്തത് മാത്രം കുറ്റം. ഈ വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റംവരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥർ പോലും പരിശോധിക്കാൻ തയ്യാറായില്ല. മാദ്ധ്യമങ്ങൾ പോലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ ഇന്ന് രാത്രി അതി ശക്തമായി പ്രതികരിക്കുമെന്നും ഇ ബുൾജെറ്റ് വ്‌ളോഗർമാർ പറഞ്ഞു.

നിയമ വിരുദ്ധമായി വാഹനത്തിൽ രൂപമാറ്റം വരുത്തിയതിനെ തുടർന്ന് നിയമനടപടി നേരിട്ടവരാണ് ഇ ബുൾജെറ്റ് വ്‌ളോഗർമാർ. ഇവരുടെ അറസ്റ്റും തുടർന്നുണ്ടായ സംഭവ വികാസങ്ങളും ഏറെ ചർച്ചയായിരുന്നു.