ന്യൂഡൽഹി: വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് ആരോഗ്യത്തെ സംരക്ഷിക്കുന്നതിനുള്ള കൂടുതൽ സമഗ്രമായ മാർഗത്തിലേക്ക് ആളുകൾ മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ശരിയായ ഭക്ഷണം കഴിക്കുന്നത് വളരെ അനിവാര്യമാണ്. ഇത്തരത്തിൽ തെറ്റായ ആഹാരരീതി നമ്മുടെ മുഴുവൻ ആരോഗ്യത്തെയും ബാധിച്ചേക്കാം. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷൻസ് 2021-ൽ അവതരിപ്പിച്ച സമീപകാല ഗവേഷണമനുസരിച്ച്, ഏവരുടെയും ഇഷ്ട പാനീയമായ ഒന്ന് ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയിരിക്കുകയാണ്. ആശ്ചര്യമെന്നു പറയട്ടെ അത് മദ്യമല്ല. മനുഷ്യന്റെ ഹൃദയത്തിനും, മെറ്റബോളിസത്തിനും വെല്ലുവിളിയാകുന്ന ഒരു പാനീയം. അത് കാപ്പിയാണ്.

ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ കാപ്പി ഇഷ്ടപ്പെട്ടാത്തവർ ചുരുക്കമാണ്. ചിലർ അവരുടെ ദിവസം ആരംഭിക്കുന്നത് തന്നെ കാപ്പി കുടിച്ചായിരിക്കും. അങ്ങനെ ആളുകളുടെ ജിവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയ കാപ്പിയാണ് മദ്യത്തെക്കാൾ അപകടകാരിയായ പാനീയം. ഗവേഷണമനുസരിച്ച്, ധാരാളമായി കാപ്പി കുടിക്കുന്ന് ഒരു വ്യക്തിക്ക്, ക്രമരഹിതമായ ഹൃദയമിടിപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഇതിനായി, കാപ്പി നിരന്തരം കുടിക്കുന്ന ശരാശരി 38 വയസ്സുള്ള 100 ആളുകളെ ഗവേഷകർ നിരീക്ഷിച്ചു. ഇതിന്റെ ഫലങ്ങൾ അനുസരിച്ച്, ഒരു കപ്പ് കാപ്പി അധികമായി കുടിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കണ്ടെത്തി.

അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ ശരീരത്തിൽ കഫീനിന്റെ അളവ് വർദ്ധിച്ചാൽ ഹൃദ്രോഗങ്ങൾക്ക് കാരണമായേക്കാമെന്ന് കണ്ടെത്തി. ഹൃദയത്തെ ബാധിക്കുന്ന കാപ്പിയുടെ ഈ പ്രഭാവം താൽക്കാലികമാണെന്നും വിദഗ്ധർ പറഞ്ഞു. പരിമിതമായ അളവിൽ കഴിച്ചാൽ ഹൃദയാരോഗ്യത്തിൽ കഫീനിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്നും പഠനം തെളിയിക്കുന്നു.

എന്നാൽ ചില പഠനങ്ങൾ അനുസരിച്ച് കാപ്പി ഒരു ആരോഗ്യകരമായ പാനീയമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെക്കാലമായി, കൃത്യമായ അളവിൽ കാപ്പി എങ്ങനെ ആരോഗ്യകരമായ പാനീയമാകുമെന്ന് ഒന്നിലധികം പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നു, കരളിനെ സംരക്ഷിക്കുന്നു, വിഷാദത്തെ ചെറുക്കുന്നു, ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത കുറക്കുന്നു എന്നിവയാണ് കാപ്പിയുടെ ചില ഗുണങ്ങളായി പറയപ്പെടുന്നത്.

എന്നാൽ എത്രയൊക്കെ ആരോഗ്യകരമായ പാനീയമാണെന്ന് വാദിച്ചാലും, അമിതമായ കഫീനിന്റെ അളവ് ഹൃദയാരോഗ്യത്തെ ബാധിക്കുകയും ഉറക്കമില്ലായ്മ വരെ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.