ന്യൂഡൽഹി : രാജ്യത്ത് കൊറോണയുടെ മൂന്നാം തരംഗം രൂക്ഷമാകാനുള്ള സാദ്ധ്യത കുറവെന്ന് വിദഗ്ധർ. ദീപാവലി ആഘോഷങ്ങൾക്ക് ശേഷവും രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നതാണ് ഇതിന് തെളിവായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ബഹുഭൂരി പക്ഷം പേരും പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതാണ് രോഗവ്യാപനം രൂക്ഷമാകാത്തതിന് കാരണമെന്നും ഇവർ പറയുന്നു.

രാജ്യത്തെ ഒരു വിഭാഗം ആളുകൾ വൈറസ് ബാധിച്ചവരാണ്. ഇവരിലുള്ള സങ്കര പ്രതിരോധ ശേഷി (ഹൈബ്രിഡ് ഇമ്മ്യൂണിറ്റി) രോഗവ്യാപനത്തെ ചെറുക്കുന്നു. ഇതും രാജ്യത്തെ കൊറോണ കേസുകളുടെ എണ്ണം വർദ്ധിക്കാത്തതിനുള്ള കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാകിസ്ൻ സ്വീകരിക്കുന്നതിന് മുൻപ് രോഗം വന്ന് ഭേദമായവരിലാണ് സങ്കര പ്രതിരോധ ശേഷി ഉണ്ടാകുക.

ആളുകളിൽ പ്രതിരോധ ശേഷിയുണ്ടെങ്കിലും കൊറോണയുടെ മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത പൂർണമായും തള്ളാനാകില്ല. എന്നാൽ രണ്ടാം തരംഗത്തിന് സമാനമായ രീതിയിൽ ഇത് രൂക്ഷമാകില്ലെന്നും വിദഗ്ധർ പറയുന്നു. ശൈത്യകാലത്ത് മൂന്നാം തരംഗം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്. ഡിസംബർ മുതൽ ഫെബ്രുവരിവരെയുള്ള മാസങ്ങളിൽ രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്