തിരുവനന്തപുരം ദത്ത് വിവാദത്തില്‍ യഥാര്‍ഥ അമ്മയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടാണെന്ന് തങ്ങള്‍ക്കെന്ന് വിജയവാഡയിലെ അധ്യാപക ദമ്ബതികള്‍.

കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് കുഞ്ഞിനെ ദത്തെടുത്തതെന്നും വിവാദങ്ങള്‍ മനോവിഷമമുണ്ടാക്കിയെന്നും ഇവര്‍ പറഞ്ഞതായി കുഞ്ഞിനെ ഏറ്റുവാങ്ങിയ സംഘത്തിലെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ഒരു പ്രശ്‌നവുമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇന്നലെ രാവിലെയാണ് ക്രൈംബ്രാഞ്ചിലെ രണ്ട് എസ്‌ഐമാരും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും ദമ്ബതികളില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കുഞ്ഞിനെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം ഇവരെ നേരത്തേ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥ സംഘം വിജയവാഡയിലേക്ക് എത്തുന്ന വിവരവും ഇവരെ ഔദ്യോഗികമായി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരത്ത് എത്തിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തില്‍ പാളയത്തെ നിര്‍മല ശിശുഭവനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിനെ അപ്രതീക്ഷിത സാഹചര്യത്തില്‍ തിരിച്ചു നല്‍കേണ്ടി വന്നതിനാല്‍ വീണ്ടും ദത്തിന് അപേക്ഷിക്കുകയാണെങ്കില്‍ ഇവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഇതിനിടെ, ഡിഎന്‍എ പരിശോധനയ്ക്കായി അനുപമയുടെയും അജിത്തിന്റെയും സാമ്ബിളുകളും ശേഖരിച്ചു. രാജീവ് ഗാന്ധി സാങ്കേതികകേന്ദ്രത്തിലെത്തിയാണ് ഇരുവരും സാമ്ബിള്‍ നല്‍കിയത്. കുഞ്ഞിന്റെ സാമ്ബിള്‍ നേരത്തെ ശേഖരിച്ചിരുന്നു. തിരുവനന്തപുരം നിര്‍മ്മല ശിശുഭവനില്‍ വച്ചാണ് കുഞ്ഞിന്റെ സാമ്ബിള്‍ ശേഖരിച്ചത്. പരിശോധനാ ഫലം 48 മണിക്കൂറില്‍ ലഭിക്കും.

അതേസമയം, അനുപമക്ക് കുഞ്ഞിനെ കാണാന്‍ സാധിക്കുമെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണമെന്നാണ് നിര്‍ദേശം. എത്രയും വേഗം ബയോളജിക്കല്‍ മദറിന്റെ കൈയ്യില്‍ കുഞ്ഞിനെ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. കുഞ്ഞിന്റെ അവകാശവും സ്വകാര്യതയും സംരക്ഷിക്കാനാണ് മുന്‍ഗണന. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാന്‍ ലൈസന്‍സില്ലായെന്നത് തെറ്റായ വാര്‍ത്തയാണ്. നേരത്തെ ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരണം നല്‍കി.