ജക്കാർത്ത : ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ച് നൽകിയ മുസ്ലീം പുരോഹിതൻ ഇന്തോനേഷ്യയിൽ അറസ്റ്റിൽ. ഇന്തോനേഷ്യൻ ഉലെമ കൗൺസിലിലെ ഫത്വ കമ്മീഷൻ അംഗം അഹമ്മദ് സെയിൻ അൻ- നജയാണ് അറസ്റ്റിലായത്. ബാലിയിൽ ഭീകരാക്രമണം നടത്താനും മറ്റ് ഇസ്ലാമിക സംഘടനകൾക്ക് ഭീകരവാദ പ്രവർത്തനങ്ങൾ നടത്താനും സാമ്പത്തിക സഹായം നൽകിയത് ഇയാളാണെന്ന് കണ്ടെത്തി. ഇയാളുടെ രണ്ട് സഹായികളെയും പിടികൂടിയതായി അധികൃതർ അറിയിച്ചു.

അൽ ഖ്വായ്ദയുടെ അനുബന്ധ സംഘടനകൾക്ക് ഉൾപ്പെടെ ഇയാൾ സാമ്പത്തിക സഹായം നൽകിയിരുന്നു. 2002 ൽ ബാലിയിലെ നൈറ്റ് ക്ലബിൽ ഭീകരാക്രമണം നടത്തി 200 ഓളം പേർ കൊല്ലപ്പെട്ട സംഭവത്തിലും ഇയാൾക്ക് പങ്കുണ്ട്. ചാരിറ്റി ട്രസ്റ്റ് ആരംഭിച്ച് അതിലേക്ക് വരുന്ന വിദേശ ഫണ്ടാണ് ഇയാൾ ജമാ ഇസ്ലാമിയ ഉൾപ്പെടെയുള്ള ഭീകര സംഘടനകൾക്ക് നൽകിയിരുന്നത് എന്നും പോലീസ് കണ്ടെത്തി. പൊതുജനങ്ങൾക്കായുള്ള സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന പേരിലാണ് ഇവർ ട്രസ്റ്റ് നടത്തിയിരുന്നത്. ദേശീയ പോലീസ് വക്താവ് ബ്രിഗേഡിയർ ജനറൽ റുഷ്ദി ഹർടോണോയാണ് ഇക്കാര്യം അറിയിച്ചത്.

1993 ൽ തീവ്ര ഇസ്ലാമിക പുരോഹിതന്മാരായ അബു ബക്കർ ബഷീറും, അബ്ദുള്ള സങ്കറും ചേർന്ന് മലേഷ്യയിൽ സ്ഥാപിച്ചതാണ് ജമാ ഇസ്ലാമിയ എന്ന ഭീകര സംഘടന. 2000 ത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ ഇവർ ഭീകരാക്രമണങ്ങൾ നടത്തിയിരുന്നു. 200 പേർ കൊല്ലപ്പെട്ട ബാലി ആക്രമണത്തിന്റെ സൂത്രധാരന്മാരും ഇവരായിരുന്നു. തുടർന്ന് തീവ്രവാദ കുറ്റങ്ങൾ ചുമത്തി അബു ബക്കർ ബഷീറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ ഈ വർഷം ബഷീർ പുറത്തിറങ്ങി. ഇതിന് പിന്നാലെ സംഘടന വീണ്ടും സജീവമാകാൻ ആരംഭിച്ചു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അൽ ഖ്വായ്ദയുമായി അടുത്ത ബന്ധമുള്ള ജമാ ഇസ്ലാമിയ സിറിയയിലും ഇറാഖിലും ഭീകരാക്രമണം നടത്താൻ ജിഹാദികളെയും പറഞ്ഞയച്ചിരുന്നു.