കൊച്ചി: സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തല്‍ മൂന്നാം ദിവസമായ ഇന്നും തുടരും. സുദീര്‍ഘമായ ഈ നടപടിയില്‍ ആകെ ആശയക്കുഴപ്പത്തിലും ആശങ്കയിലുമാണ് പലരും. സ്വര്‍ണക്കടത്തിടപാടിനപ്പുറം ചില വന്‍ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്വപ്‌നയും സരിത്തും വെളിപ്പെടുത്തിയേക്കുമെന്നാണ് വിവരം.

ഇരുവരുടെയും മൊഴികള്‍ പുറത്തായാല്‍ അവരുടെ ജീവന്‍ അപകടത്തിലായേക്കാമെന്നാണ് കസ്റ്റംസ്, ഇ ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. കേസന്വേഷണത്തെ ബാധിക്കുമെന്ന കാരണത്താലാണ് ഏജന്‍സികള്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍പ്പോലും മുദ്രവച്ച കവറില്‍ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്.
സ്വപ്‌നയും സരിത്തും മുഖ്യപ്രതികളായ സ്വര്‍ണക്കടത്തിനപ്പുറം വിദേശ കറന്‍സി ഇടപാടും ഹവാല ഇടപാടും സംബന്ധിച്ച്‌ അവര്‍ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലുണ്ട്. അവ മജിസ്‌ട്രേറ്റിനോട് 164-ാം വകുപ്പു പ്രകാരം ആവര്‍ത്തിച്ചാല്‍ത്തന്നെ വലിയൊരു കുറ്റവാളി ലോകത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരമായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതില്‍ രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസ് ലോകത്തുള്ളവരും ഉണ്ടെന്നാണ് സൂചനകള്‍.

അതേ സമയം, സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ഡോളര്‍ വിദേശ കറന്‍സി കടത്തു കേസില്‍ മാപ്പുസാക്ഷിയാക്കിയേക്കുമെന്ന വാര്‍ത്തകളുണ്ട്. കറന്‍സി കടത്തുകളില്‍ ഇവര്‍ക്ക് നേരിട്ട് പങ്കില്ല. സ്വര്‍ണക്കടത്തിലും വിദേശ ഫണ്ട് ഇടപാടിലുമാണ് സ്വപ്‌നയുടെ പങ്ക്. ചിലരെ രക്ഷിക്കാനുള്ള പഴുതുകള്‍ മൊഴിയിലുണ്ടാകാമെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.