അബുദാബി: വിദ്വേഷ വാര്‍ത്തകളിലൂടെ നിരന്തരം വിവാദം സൃഷ്​ടിച്ച സീ ന്യൂസ്​ എഡിറ്റര്‍ ഇന്‍ ചീഫ്​ സുധീര്‍ ചൗധരിയെ അബുദാബിയിലെ ചടങ്ങില്‍ ക്ഷണിച്ചതിനെതിരെ രൂക്ഷ പ്രതികരണവുമായി യു.എ.ഇ രാജകുമാരി ഹിന്ദ്​ ഫൈസല്‍ അല്‍ ഖാസിം.

‘എന്തിനാണ്​ ശാന്തമായ എന്‍റെ നാട്ടിലേക്ക്​ അസഹിഷ്​ണുവായ ഈ ഭീകരനെ കൊണ്ടുവരുന്നത്​? യുഎഇയിലേക്ക്​ അത്തരം വിദ്വേഷക്കാരെ ഞാന്‍ സ്വാഗതം ചെയ്യില്ല’ എന്നായിരുന്നു ഇവര്‍ ട്വീറ്റ്​ ചെയ്​തത്​. അബുദാബി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്​സ്​ കൂട്ടായ്​മ നവം.25, 26 തീയതികളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷകനായി ചൗധരിയെ ക്ഷണിച്ചതിനെതിരെയായിരുന്നു ഹിന്ദിന്‍റെ പ്രതികരണം. ഇതിന്​ പിന്നാലെ ചടങ്ങില്‍ നിന്ന്​ ചൗധരിയെ ഒഴിവാക്കിയതായും രാജകുമാരി അറിയിച്ചു.

സി.എ.എ വിരുദ്ധ സമരങ്ങളെ ഭീകരവാദമായി ചിത്രീകരിച്ചും കൊറോണയുടെ തുടക്കത്തില്‍ തബ്​ലീഗ്​ ജമാഅത്തിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയും സീന്യൂസ്​ നടത്തിയ വാര്‍ത്താപരിപാടികള്‍ ഏറെ വിവാദമായിരുന്നു. ഭൂമി ജിഹാദ്, ലൗ ജിഹാദ് തുടങ്ങിയ വ്യാജവാര്‍ത്തകളും തന്‍റെ ചാനല്‍ ഷോയിലൂടെ ചൗധരി നിരന്തരം പ്രചരിപ്പിച്ചിരുന്നു.

“സുധീര്‍ ചൗധരിയെ അബുദാബി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരുടെ പാനലില്‍നിന്ന് ഒഴിവാക്കി” എന്ന കുറിപ്പോടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്​സ്​ ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) അബുദാബി ചാപ്റ്ററിലെ അംഗങ്ങള്‍ എഴുതിയ കത്തിന്‍റെ പകര്‍പ്പും ഇവര്‍ ട്വീറ്റില്‍ പങ്കുവെച്ചു.

“വ്യാജ വാര്‍ത്തകള്‍, ഇസ്‌ലാമോഫോബിയ, വര്‍ഗീയ വിദ്വേഷം, വ്യജരേഖ നിര്‍മാണം തുടങ്ങിയവ കാര്യങ്ങളില്‍ അദ്ദേഹം (ചൗധരി) ആരോപണവിധേയനാണ്​. പ്രമുഖ പ്രഫഷനല്‍ സംഘടന, ഒട്ടും പ്രഫഷനലല്ലാത്ത ഒരു പത്രപ്രവര്‍ത്തകനെ ക്ഷണിച്ച്‌​ വേദി നല്‍കുകയും അതുവഴി നമ്മുടെ അന്തസ്സും ബഹുമാനവും കുറയ്ക്കുകയും ചെയ്യണോ?” എന്നായിരുന്നു അംഗങ്ങള്‍ പേരുവെച്ച്‌​ ഒപ്പിട്ട കത്തിലെ ചോദ്യം. ഇതേതുടര്‍ന്ന്​ സുധീര്‍ ചൗധരിയെ ചടങ്ങില്‍നിന്ന്​ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവത്രെ.

ഹിന്ദ്​ ഫൈസല്‍ അല്‍ ഖാസിമിന്‍റെ ട്വീറ്റില്‍നിന്ന്​:

‘ഇന്ത്യയിലെ 200 ദശലക്ഷം മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള കടുത്ത ഇസ്‌ലാമോഫോബിക് ഷോകള്‍ക്ക് പേരുകേട്ട വലതുപക്ഷ അവതാരകനാണ് സുധീര്‍ ചൗധരി. അദ്ദേഹത്തിന്‍റെ പ്രൈം ടൈം ഷോകളില്‍ പലതും രാജ്യത്തുടനീളമുള്ള മുസ്​ലിംകള്‍ക്കെതിരെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതാണ്​. നിങ്ങള്‍ എന്തിനാണ് അസഹിഷ്ണുതയുള്ള ഒരു ഭീകരനെ യുഎഇയിലേക്ക് കൊണ്ടുവരുന്നത്?! ശാന്തമായ എന്‍റെ രാജ്യത്തേക്ക് നിങ്ങള്‍ ഇസ്‌ലാമോഫോബിയയും വെറുപ്പും കൊണ്ടുവരുന്നത് എന്തുകൊണ്ടാണ്?’

”2019, 2020 വര്‍ഷങ്ങളില്‍, പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് മുസ്​ലിംകള്‍ക്കെതിരെ വിഷം ചീറ്റുന്ന ഷോകള്‍ സുധീര്‍ ചൗധരി സീ ന്യൂസില്‍ നടത്തി. ശാഹീന്‍ ബാഗിലും ന്യൂഡല്‍ഹിയിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും പൗരത്വ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിന് മുസ്​ലിം വിദ്യാര്‍ഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.”