താരപുത്രന്‍ എന്ന പരിവേഷത്തിനപ്പുറം മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത നടനാണ് പ്രണവ് മോഹന്‍ലാല്‍. ‘രാജാവിന്റെ മകന്‍’ എന്നാണ് ഇപ്പോള്‍ പ്രണവ് അറിയപ്പെടുന്നത്.

ആ പേരിന്റെ അന്തസ്സ് എന്നും കാത്തുസൂക്ഷിക്കുന്നുമുണ്ട് താരം.

ഇപ്പോളിതാ മോഹന്‍ലാലും മകന്‍ പ്രണവും ഒരുമിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം മരക്കാറിനായുള്ള കാത്തിരിപ്പിനിടയില്‍ മോഹന്‍ലാല്‍ നേരത്തെ മകനെ കുറിച്ച്‌ പഴയ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്. മകനെക്കുറിച്ചുള്ള സ്വപ്നങ്ങളെപ്പറ്റി അവതാരകന്‍ ചോദിക്കവേയാണ് അവന്‍ അവന്റെ ആഗ്രഹം പോലെ ജീവിക്കട്ടെ എന്ന് മോഹന്‍ലാല്‍ പറഞ്ഞത്.

ലാലിന്റെ വാക്കുകള്‍ :

‘മകന്‍ എന്താകണം എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിച്ചിട്ട് എന്താണ് കാര്യം. ഞാന്‍ ഒന്ന് ആഗ്രഹിച്ചിട്ട് അയാള്‍ അത് ആയില്ല എങ്കില്‍ എന്റെ ആഗ്രഹത്തില്‍ കാര്യമില്ലലോ. പഠിത്തമൊക്കെ കഴിഞ്ഞിട്ട് അയാള്‍ തീരുമാനിക്കട്ടെ. എന്റെ മകന്‍ ഇപ്പോള്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയാണ്, ചിലപ്പോള്‍ 12 ഒക്കെ കഴിയുമ്ബോ എന്താണ് വേണ്ടതെന്നു എന്നോട് വന്നു പറയുമായിരിക്കും’- മോഹന്‍ലാല്‍ പറയുന്നു.

‘എന്റെ അച്ഛന്‍ ഒരിക്കലും എന്നോട് എന്താകണം എന്ന് പറഞ്ഞിട്ടില്ല, സ്വന്തമായി തിരഞ്ഞെടുക്കണം എന്നാണ് പറഞ്ഞത്. ഞാന്‍ പ്രീഡിഗ്രി പഠിക്കുമ്ബോള്‍ അച്ഛന്‍ പറഞ്ഞു ‘ഡിഗ്രി ആദ്യം പൂര്‍ത്തിയാക്കുക, എന്നിട്ട് സ്വന്തം വഴി തിരഞ്ഞെടുക്കുക’. ചിലപ്പോ അത് തന്നെയായിരിക്കും ഞാനും എന്റെ മകനോട് പറയുക’- താരം കൂട്ടിച്ചേര്‍ത്തു.