ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് ഡൽഹിയിലെത്തും. നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് മമത ഡൽഹിയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പ്രതിപക്ഷ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തും. പാർലമെന്റിന്റെ ശീതകാലസമ്മേളനം ഈ മാസം 29നാണ് ആരംഭിക്കുന്നത്. അതിന് മുന്നോടിയായി വിവിധ വിഷയങ്ങളിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേടിയ വിജയത്തിന് ശേഷം ഇത് ആദ്യമായാണ് മമത ഡൽഹിയിലെത്തുന്നത്. ഈ വർഷം ജൂണിൽ ആയിരുന്നു മമത അവസാനമായി ഡൽഹിയിലെത്തിയത്. അന്നും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വിവിധ പാർട്ടികളിലെ പ്രധാന നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തുമെന്ന് തൃണമൂൽ വൃത്തങ്ങൾ പറയുന്നു. ബിഎസ്എഫിന്റെ അധികാരപരിധി വർദ്ധിപ്പിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങൾ മമത പ്രധാനമന്ത്രിക്ക് മുന്നിൽ ഉന്നയിക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ ബിഎസ്എഫിന്റെ അധികാരപരിധി 15ൽ നിന്ന് 50 ആക്കി ഉയർത്തിയതിനെതിരെ സംസ്ഥാനം രംഗത്ത് വന്നിരുന്നു. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുക എന്നതും ഈ വരവിന്റെ ലക്ഷ്യമാണെന്നാണ് വിവരം.