കൊച്ചി: ചുരുളി സിനിമയിലെ അശ്ലീല പ്രയോഗങ്ങളിൽ കടുത്ത വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി നടൻ വിനയ് ഫോർട്ട്. സിനിമയിലെ തെറിവിളികൾ അനിവാര്യമാണെന്ന് വിനയ് ഫോർട്ട് പറഞ്ഞു. അത്തരം പ്രയോഗങ്ങൾ ഒഴിവാക്കിയാൽ സിനിമയുടെ ആത്മാവ് നഷ്ടമാകുമെന്നും താരം വ്യക്തമാക്കി. ജെല്ലിക്കട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ചുഴലി.

ഓരോ പ്രദേശങ്ങങ്ങളിൽ പോകുമ്പോഴും ഓരോ സംസാരമുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയുളള ഭാഷയായിരിക്കും സംസാരിക്കുകയെന്നും സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തേണ്ടതുണ്ടോ എന്നും താരം ചോദിച്ചു. സിനിമ സംഭവിക്കുന്നത് ക്രിമിനലുകളുടെ ഇടയിലാണ്. അവർ ഉപയോഗിക്കുന്ന ഭാഷയാണത്. അതിനെ ന്യായീകരിക്കേണ്ട കാര്യമാണെന്ന് കരുതുന്നില്ല. അത് അനിവാര്യമായ കാര്യമായാണ് തോന്നുന്നതെന്നും വിനയ് ഫോർട്ട് വ്യക്തമാക്കി.

സിനിമ പ്രായപൂർത്തിയായവർക്കാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. കുടുംബമായി, കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി. ആമസോൺ, നെറ്റ്ഫഌക്‌സ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എല്ലാ ഭാഷയിലുള്ള സിനിമകളും പ്രദർശിപ്പിക്കും. ഓരോ പ്രദേശങ്ങങ്ങളിൽ പോകുമ്പോഴും ഓരോ സംസാരമുണ്ട്. അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാൽ സിനിമയുടെ ആത്മാവ് നഷ്ടമാകും എന്നാണ് താൻ ഭയപ്പെടുന്നതെന്നും വിനയ് ഫോർട്ട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചുരുളി റിലീസ് ആയത്. പിന്നാലെ ചിത്രം ഒടിടിയിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എത്തിയിരുന്നു. ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, ജോജു ജോർജ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.