കാലിഫോർണിയ: റോഡിൽ കറൻസി നോട്ടുകൾ വീഴുന്നത് കണ്ട് അമ്പരന്ന് ജനങ്ങൾ. തെക്കൻ കാലിഫോർണിയയിലെ കാൾസ്ബാഡിൽ പട്ടാപ്പകലാണ് സംഭവം. പലരും വാഹനം നിർത്തി റോഡിൽ ചിന്നിച്ചിതറി കിടക്കുന്ന നോട്ടുകൾ വാരിക്കൂട്ടി. മറ്റുള്ളവർ അത് വാരിയെടുത്ത് വലിച്ചെറിഞ്ഞു.

വെള്ളിയാഴ്ച രാവിലെ 9.15 നായിരുന്നു സംഭവം. സാന്റിയാഗോയിൽ നിന്ന് കറൻസി നോട്ടുമായി പോയ ട്രക്കിൽ നിന്നാണ് നോട്ടുകൾ നിറച്ച ബാഗ് തെറിച്ചുവീണത്. അതീവ സുരക്ഷയോടെയാണ് ഇത് കൊണ്ടുപോയതെങ്കിലും ഓട്ടത്തിനിടയിൽ ട്രക്കിന്റെ വാതിൽ അപ്രതീക്ഷിതമായ തുറന്നു. ബാഗിൽ നിന്നും വീണ നോട്ടുകൾ ജനങ്ങൾ വാരിയെടുക്കുന്നതും ആഘോഷിക്കുന്നതുമായ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. എല്ലാവരും വാഹനങ്ങൾ നിർത്തി നോട്ടുകൾ വാരിയെടുക്കുന്നതും വീഡിയോയിൽ കാണാം. ഇതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

അതേസമയം റോഡിൽ വീണ പണം തിരികെ നൽകണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേർ കറൻസി നോട്ടുകൾ തിരികെ നൽകിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനങ്ങൾക്ക് നിരവധി നോട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ അവരിൽ പലരും അത് തിരികെ നൽകിയെന്ന് കാലിഫോർണിയ ഹൈവേ പട്രോൾ അധികൃതർ വ്യക്തമാക്കി.