മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സ്ഥിതിഗതികളെ സൂചിപ്പിക്കുന്നുവെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന സഖ്യം മഹാരാഷ്ട്രയിലെ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് നേടിയത്.. നാല് സീറ്റുകള്‍ മഹാ അഖാഡി സഖ്യം തൂത്തുവാരിയപ്പോള്‍ രണ്ട് സീറ്റുകളില്‍ മാത്രമേ ബിജെപിക്ക് ജയം ഉണ്ടായുള്ളൂ.

ഇത് സര്‍ക്കാരിന്റെ പ്രകടനത്തിന്റെ പ്രതിഫലനമാണെന്നും ശരത് പവാര്‍. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയ അമ്രിഷ് പട്ടേലിന്റെ വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹത്തിന് വലിയ വിഭാഗത്തിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും ശരത് പവാര്‍. എന്നാല്‍ അത് യഥാര്‍ത്ഥ വിജയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ലജിസ്ലേറ്റിവ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ട് ഇടത്ത് മാത്രമാണ് വിജയം. നാല് സീറ്റുകളില്‍ വിജയിച്ച മഹാ വികാസ അഖാഡി മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് നിറം പകര്‍ന്നു. ബിജെപിക്ക് അടിപതറിയ ഇടങ്ങളില്‍ നാഗ്പൂരും ഉള്‍പ്പെടുന്നു.