ശ്രീനഗർ : മരണകിടക്കയിലും രാജ്യത്തെ മാത്രം സ്നേഹിച്ച ഭർത്താവിന് നൽകാൻ ഇതിലും വലിയ സമ്മാനം ജ്യോതിക്കില്ല . ഭര്‍ത്താവിന്റെ അന്ത്യാഭിലാഷം നിറവേറ്റുന്നതിനായി 32-ാമത്തെ വയസില്‍ വനിതാ സൈനിക ഓഫീസർ പദവിയിലെത്തിയിരിക്കുകയാണ് ഈ വീട്ടമ്മ.

2018 ല്‍ കശ്മീരിലെ സൈനിക നടപടിക്കിടെയാണു ജ്യോതിയുടെ ഭര്‍ത്താവ് നായിക് ദീപക് നൈവാള്‍ ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. ദീപക് മരണകിടക്കയിൽ വച്ച് ആവശ്യപ്പെട്ടത് തന്റെ മരണ ശേഷം ഭാര്യ രാജ്യത്തെ സേവിക്കണമെന്ന് മാത്രമായിരുന്നു . ഈ വാക്കുപാലിക്കാനാണ് കഠിനപാതകള്‍ താണ്ടി ജ്യോതി സൈനിക ഓഫീസർ പദവിയിലേക്ക് എത്തിയത്. പ്രയാസമേറിയ എഴുത്തുപരീക്ഷയ്‌ക്കും അതിലേറെ കഠിനമായ കായിക പരീക്ഷയ്‌ക്കും മുന്നില്‍ മൂന്നുതവണ കാലിടറി. പക്ഷേ നാലാം തവണ ജ്യോതി വിജയം കണ്ടു. മൂന്നുതലമുറകളായി സൈനിക സേവനം ചെയ്യുന്ന നൈവാള്‍ കുടുംബത്തിലെ ആദ്യ വനിതാ സൈനിക ഓഫീസര്‍ കൂടിയാണ് ജ്യോതി

2018 വരെ അഞ്ചും എട്ടും വയസുള്ള മക്കളുടെ അമ്മയായും സൈനികന്റെ ഭാര്യയുമായി ഒതുങ്ങി കഴിഞ്ഞ ഡെറാഡൂൺ സ്വദേശി ചെന്നൈയില്‍ നടന്ന ഓഫീസേഴ്സ് പാസിങ് ഔട്ട് പരേഡിലാണ് ഇന്ത്യന്‍ കരസേനയുടെ ഭാഗമായത് .