റിയാദ്: ഇന്ന് മുതല്‍ ഞായറാഴ്ച്ച വരെ സൗദി അറേബ്യയിലെ ചില മേഖലകളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. റിയാദ്, മക്ക, അല്‍ബാഹ, അസീര്‍, ജീസാന്‍, ഹാഇല്‍, ഖസീം, ഹൂദുദ് ശിമാലിയ, കിഴക്കന്‍ പ്രവിശ്യ എന്നീ ഭാഗങ്ങളിലാണ് മഴയുണ്ടാകുക. ചിലയിട ങ്ങളില്‍ കനത്തമഴക്കും കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പ്.

മഴക്കുള്ള സാധ്യത തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും വെള്ളം കെട്ടിനില്‍ക്കാനും ഒഴുക്കിനും സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. മക്ക മേഖലയുടെ ചില ഭാഗങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മേലഖ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റും മുന്നറിപ്പ് നല്‍കി.

മേഖലയുടെ പ്രത്യേകിച്ച്‌ ഉയര്‍ന്ന പ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് മഴക്ക് കൂടുതല്‍ സാധ്യത. കാലാവസ്ഥ വ്യതിയാനം തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണ മെന്നും കാലാവസ്ഥ, സിവില്‍ ഡിഫന്‍സ് വകുപ്പുകളുടെ അറിയിപ്പുകളും നിര്‍ദേശങ്ങളും ശ്രദ്ധിക്കണമെന്നും സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉസ്മാന്‍ അല്‍ഖര്‍നി ആവശ്യപ്പെട്ടു.