കോഴിക്കോട്: പ്രണയിച്ച്‌ വിവാഹിതരായവര്‍ക്ക് നേരെ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അക്രമിസംഘം തടഞ്ഞുനിര്‍ത്തിയായിരുന്നു അക്രമണം നടത്തിയത്. കോഴിക്കോട് കൊയിലാണ്ടിയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് സ്വാലിഹ് പ്രണയിച്ച്‌ യുവതിയെ വിവാഹം കഴിച്ചിരുന്നു. ബന്ധുക്കളുടെ കടുത്ത എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ റജിസ്റ്റര്‍ വിവാഹമായിരുന്നു നടത്തിയത്. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു രജിസ്റ്റര്‍ വിവാഹം.
എന്നാല്‍ മതപരമായി വിവാഹം നടത്തുന്നതിന് എതിര്‍പ്പില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച അതിനായി പോകുന്നതിനിടെയായിരുന്നു ആക്രമണം. പെണ്‍കുട്ടിയുടെ അമ്മാവന്‍മാരായ കബീര്‍, മന്‍സൂര്‍ എന്നിവരാണ് വാഹനം തടഞ്ഞ് യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചത്. നാട്ടുകാര്‍ പലരും നോക്കി നില്‍ക്കവേയായിരുന്നു ആക്രമണം

നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവന്‍ നഷ്ടമാകാതെ പോയതെന്ന് പ്രദേശവാസികള്‍ പറയുന്നു. കയ്യില്‍ വടിവാളുമായാണ് ഇവര്‍ സ്വാലിഹിനെ വഴിവക്കില്‍ കാത്തുനിന്നത്.

പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരില്‍ച്ചിലരെത്തി തടയാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ആക്രമണത്തിനിടയില്‍ ഡ്രൈവര്‍ കാര്‍ മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അക്രമിസംഘം കാര്‍ പൂര്‍ണമായി അടിച്ചുതകര്‍ത്തു.

രജിസ്റ്റര്‍ വിവാഹം നടന്നതിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മാവന്‍മാര്‍ യുവാവിന്റെ വീട്ടിലെത്തി അക്രമിച്ചിരുന്നു. ഇതില്‍ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണം നടത്തിയില്ലെന്നും യുവാവിന്റെ വീട്ടുകാര്‍ ആരോപിക്കുന്നു