മസ്കറ്റ്; രാജ്യത്ത്22 ദശലക്ഷം കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍ ആന്റ് ഇമ്മ്യൂണൈസേഷനില്‍ ഒരു ദശലക്ഷം ഡോസ് ബുക്ക് ചെയ്തിട്ടുണ്ട്. അതേസമയം ആര്‍ക്കൊക്കെ മുന്‍ഗണന നല്‍കണം ,എത്ര ഡോസ് നല്‍കണം തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തിരുമാനം കൈക്കൊള്ളേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ഫൈസര്‍ കൊവിഡ് വാക്‌സിന്റെ 3.70 ലക്ഷം ഡോസ് ബുക്ക് ചെയ്തിട്ടുണ്ട്. ഇതില്‍ ഇരുപതിനായിരം ഡോസ് ഈ മാസം തന്നെ ലഭ്യമാകും. ശേഷിക്കുന്ന ഡോസുകള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ ലഭിക്കുമെന്നും അഹമ്മദ് അല്‍ സഈദി പറഞ്ഞു. ഈ മാസം ലഭിക്കുന്ന വാക്സിന് ഒരു ഡോസിന് 30 ഡോളറാണ് വില. അടുത്ത വര്‍ഷം ഇത് 24 ഡോളാവും.ഒരാള്‍ക്ക് 2 ഡോസ് വേണ്ടിവരും.

ആസ്ട്രാ സെനക്കയുമായും ചര്‍ച്ച നടത്തുകയാണ്. 850,000 ഡോസ് വാക്സിന്‍ ബുക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ വാക്സിന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അല്‍ സയീദി പറഞ്ഞു. ഒരൊറ്റ ഡോസിന് കമ്ബനി 5.5 ഡോളര്‍ വില നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. റഷ്യന്‍ കോവിഡ് -19 വാക്സിന്‍ സ്പുട്‌നിക് വി നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്ബനിയുമായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഈ വാക്സിന്‍ ഒരു ഡോസിന്റെ വില 15 ഡോളര്‍ വരെയാണ്.

ചൈനയിലും വാക്സിന്‍ തയ്യാറാകുന്നുണ്ട്. എന്നാല്‍ അതിന്റെ ഫലപ്രാപ്തി സംബന്ധിച്ചുള്ള ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. ചൈന രണ്ട് ഡോസിന് 145 ഡോളറാണ് നിശ്ചയിച്ചിരിക്കുന്നത്. ആഗോള തലത്തിലുള്ള മറ്റ് വാക്സിനുകളുടെ വില കൂടി പരിഗണിച്ച്‌ ചൈന തങ്ങളുടെ വാക്സിന്‍ വില പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.മുന്‍ഗണനാ അടിസ്ഥനത്തിലായിരിക്കും വാക്‌സിന്‍ വിതരണം ചെയ്യുക. വാക്‌സിന്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ യാതൊരു നിര്‍ബന്ധമല്ലെന്നും ഇത് സംബന്ധിച്ച്‌ ഒരു നിയമവും നിലവില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.