അടുത്ത 24 മണിക്കൂറില്‍ ദക്ഷിണ തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും, കേരളം, മാഹി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമോ, അതിശക്തമോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കേരളത്തിന്റെ ദക്ഷിണ തീരങ്ങളില്‍, പ്രത്യേകിച്ചും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മണിക്കൂറില്‍ ശരാശരി 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. കാറ്റിന്റെ വേഗം പരമാവധി 55 കിലോമീറ്റര്‍ വരെ വര്‍ദ്ധിക്കാനും ഇടയുണ്ട്.

അറബിക്കടലിന്റെ ദക്ഷിണ കിഴക്കന്‍ മേഖലകളിലും, കോമോറിന്‍ പ്രദേശത്തും, കേരള തീരങ്ങളിലും ഡിസംബര്‍ 4 നു വൈകിട്ട് സമുദ്രം പ്രക്ഷുബ്ധം ആകാന്‍ സാദ്ധ്യതയുണ്ട്.
മാന്നാര്‍ ഉള്‍ക്കടല്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍ മേഖലകള്‍, ദക്ഷിണ തമിഴ്നാട് തീരങ്ങള്‍, ശ്രീലങ്കയുടെ വടക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ അടുത്ത 12 മണിക്കൂര്‍ നേരത്തേക്കും, കേരള തീരം, ലക്ഷദ്വീപ്- മാലദ്വീപ് പ്രദേശം, അറബിക്കടലിന്റെ ദക്ഷിണ കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലേക്ക് അടുത്ത 24 മണിക്കൂര്‍ നേരത്തേക്കും മത്സ്യബന്ധനത്തിനായി പോകരുതെന്നും മുന്നറിയിപ്പുണ്ട്.