മിശ്രവിവാഹം തടഞ്ഞ് ഉത്തര്‍ പ്രദേശ് പൊലിസ്. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ആണ് സംഭവം. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ നടത്താന്‍ നിശ്ചയിച്ച വിവാഹമാണ് തടഞ്ഞത്. ഹിന്ദുമഹാസഭ നല്‍കിയ പരതിയിലാണ് പോലിസ് നടപടി. മുസ്ലിം മതാചാര പ്രകാരം വിവാഹിതയാകാന്‍ ഹിന്ദുമത വിശ്വാസിയായ യുവതി പുതിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വിവാഹം തടഞ്ഞത്.

റൈന ഗുപ്ത (22), മുഹമ്മദ് ആസിഫ് (24) എന്നിവര്‍ തമ്മിലായിരുന്നു വിവാഹം. ഇവരുടെ വിവാഹവേദിയില്‍ എത്തിയാണ് പൊലീസ് നടപടി സ്വീകരിച്ചത്. വിവാഹം നിര്‍ത്തിവയ്ക്കാന്‍ രണ്ട് കുടുംബങ്ങളും തയ്യാറായതിനാല്‍ കേസെടുത്തില്ല. രണ്ട് മാസത്തിനകം നിയമം അനുസരിച്ച്‌ നടപടികള്‍ പൂര്‍ത്തിയാക്കി വിവാഹം നടത്താമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം. പുതിയ നിയമപ്രകാരം പൊലീസ് സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു ബറേലിയിലെ ദേരനിയ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 22കാരനായ കോളജ് വിദ്യാര്‍ത്ഥി ഉവൈസ് അഹ്മദിനെതിരെ 20കാരിയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിന്മേലാണ് കേസ്.

മതപരിവര്‍ത്തനം ആഗ്രഹിയ്ക്കുന്ന ആള്‍ ഒരു മാസത്തിന് മുന്‍പ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കി അനുമതി വാങ്ങണം എന്നതാണ് പുതിയ നിയമം. അല്ലെങ്കില്‍ ആറ് മുതല്‍ മൂന്ന് വര്‍ഷം വരെ ആകും ശിക്ഷ ലഭിയ്ക്കുക. ഏതെങ്കിലും വിധം ഉള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നു എന്ന് പരാതി ഉയര്‍ന്നാലും പൊലീസ് കേസ് എടുക്കും. അഞ്ച് വര്‍ഷത്തെ ജയില്‍ വാസവും പതിനയ്യായിരം രൂപ പിഴയും ആണ് ശിക്ഷ.