തിരുവനന്തപുരം: പനവൂരില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യും. സുഹൃത്തിനൊപ്പം പോകാന്‍ വേണ്ടി കൊലപാതകം നടത്തിയെന്നാണ് അമ്മ വിജി പൊലീസിന് മൊഴി നല്‍കിയത്.

മാങ്കുഴി സ്വദേശി വിജി (29)യെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൂന്ന്ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയായിരുന്നു കൊന്ന് കുഴിച്ചുമൂടിയത്. സംശയം തോന്നിയ അയല്‍വാസികളായിരുന്നു വിവരം പൊലീസില്‍ അറിയിച്ചത്.

പോത്തന്‍കോട് സ്വദേശിയായ സുഹൃത്തിനൊപ്പം പോകാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നായിരുന്നു വിജിയുടെ മൊഴി. ഒരു ദിവസം മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിച്ച ശേഷമാണ് കുഴിച്ചിട്ടതെന്നും മൊഴിയില്‍ പറയുന്നുണ്ട്.
അഞ്ചു വര്‍ഷമായി വിജി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. പിതാവിനും സഹോദരനും ഒപ്പമായിരുന്നു താമസം. വീട്ടുവളപ്പില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്‍റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.