കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി. കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന ഒരു നിയമമാണ് ഇതെന്ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് മേജര്‍ രവി അഭിപ്രായപ്പെട്ടു.
‘ഇപ്പോള്‍ പലരും എന്റെയടുത്ത് ചോദിക്കുന്നൊരു കാര്യം കര്‍ഷക സമരമവിടെ നടക്കുന്നുണ്ട്, എന്തുകൊണ്ട് അതിനെക്കുറിച്ച്‌ ഒന്നും സംസാരിക്കുന്നില്ലെന്ന്. അതിനകത്ത് ഒരു രാഷ്ട്രീയ അജണ്ടയുണ്ട്. ഈ കോര്‍പറേറ്റുകള്‍ പൈസ നമുക്ക് തന്നില്ലെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ളൊരു പ്രവണത ഉണ്ടോ ഇല്ലയോ എന്നത് പ്രധാനമന്ത്രി പറഞ്ഞില്ലെന്നത് എവിടെയൊ ഞാന്‍ കേട്ടു. നമ്മുടെ മാന്യ പ്രധാനമന്ത്രി ആ വാക്കുകൂടി പറഞ്ഞു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ സമരം തീര്‍ക്കാന്‍ പറ്റുമോ? പക്ഷേ അതുപറഞ്ഞാലും ഈ സമരം തീരില്ല. കാരണം അതൊരു രാഷ്ട്രീയ അജണ്ടയാണ്.അവിടെ കര്‍ഷകര്‍ എന്നു പറഞ്ഞാല്‍ ഉയര്‍ന്ന അഭിമാനമുള്ളവരാണ്. പട്ടാളത്തിലാണ് എന്ന് പറയുന്നതുപോലെയാണ് അവിടെ കര്‍ഷകനാണ് എന്നു പറയുന്നത്. പൂര്‍ണമായും കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന ഒരു നിയമമാണ് ഇത്.

കൃഷി തുടങ്ങും മുന്‍പ് വിളയ്ക്ക് ഒരു വില ഉറപ്പിക്കും. അതു കര്‍ഷകന് ലാഭം കിട്ടുന്ന തരത്തിലാണ്. ഉദാഹരണത്തിന് ഉള്ളിക്ക് ആദ്യം 20 രൂപ ഉറപ്പിക്കുന്നു. വിളവെടുക്കുമ്ബോള്‍ അന്ന് ഉള്ളി വില 10 രൂപയാണെങ്കിലും കര്‍ഷകന് 20 രൂപ കിട്ടും. അന്ന് 25 രൂപയാണെങ്കില്‍ പക്ഷേ ഉറപ്പിച്ച 20 രൂപയേ ലഭിക്കൂ. പക്ഷേ അവിടെ കര്‍ഷകന്റെ ലാഭം ഉറപ്പാകുന്നുണ്ട്.’- മേജര്‍ രവി പറഞ്ഞു.