കോട്ടയം: യുവാക്കളുടെ സംഘം സഞ്ചരിച്ച കാര്‍ വാകത്താനം തൃക്കോതമംഗലത്ത്‌ അമിത വേഗത്തിലെത്തി മതില്‍ തകര്‍ത്തു വീട്ടുമുറ്റത്തേയ്‌ക്കു മറിഞ്ഞു.

അപകടം ഉണ്ടാകുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ്‌ മാറിയതിനാല്‍ വയോധിക, അത്ഭുതകരമായി രക്ഷപെട്ടു.
വീട്ടുമുറ്റത്തേയ്‌ക്കു മറിഞ്ഞ കാര്‍, ഈ വീടിനു മുന്നില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറും തകര്‍ത്തു. ആറു മാസം മുന്‍പ്‌ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച സ്‌ഥലത്തിനു സമീപമായിരുന്നു അപകടം. തൃക്കോതമംഗലം പത്തുപറയില്‍ ഷിബുവിന്റെ വീടിനു മുകളിലേയ്‌ക്കാണ്‌ കാര്‍ മറിഞ്ഞത്‌. ഇന്നലെ വൈകിട്ട്‌ നാലരയോടെയായിരുന്നു സംഭവം. കോട്ടയത്തു നിന്നും ചങ്ങനാശേരി ഭാഗത്തേയ്‌ക്കു പോകുകയായിരുന്നു കാര്‍. മതില്‍ തകര്‍ത്ത കാര്‍ ഉള്ളിലേയ്‌ക്കു മറിഞ്ഞു വീണു. കാര്‍ ഇടിച്ച്‌ ഇവിടെ പാര്‍ക്ക്‌ ചെയ്‌തിരുന്ന, ഷിബുവിന്റെ കാറും തകര്‍ന്നു. അപകടത്തിനു തൊട്ടു മുന്‍പ്‌ വരെ ഷിബുവിന്റെ അമ്മ തങ്കമ്മ വര്‍ക്കി ഈ കാര്‍ മറിഞ്ഞ സ്‌ഥലത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരുക്കില്ല.