കെ എം ഷാജി എംഎല്‍എക്കെതിരായ കോഴ ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുസ്ലീം ലീഗ് നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, കണ്ണൂര്‍ ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി എന്നിവരുടെ മൊഴിയാണ് കോഴിക്കോട് സബ് സോണല്‍ ഓഫീസില്‍ രേഖപ്പെടുത്തിയത്.

പാര്‍ട്ടിക്ക് കേസുമായി ബന്ധമില്ലെന്നും പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. അഴീക്കോട് ഹൈസ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി അനുവദിക്കുന്നതിന് കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന പരാതിയിലാണ് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം നടത്തുന്നത്. നവംബര്‍ 10 നാണ് കെ എം ഷാജിക്ക് ഹാജരാകാനായി ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്