മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്ബര പുരോഗമിക്കുകയാണ്. ഏകദിന പരമ്ബരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ പരമ്ബര സ്വന്തമാക്കി. ഇനി മൂന്ന് മത്സരമുള്ള ടി20യും നാല് മത്സരമുള്ള ടെസ്റ്റ് പരമ്ബരയുമാണ് നടക്കാനുള്ളത്. ടി20 പരമ്ബര ഈ മാസം നാലിന് ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ വജ്രായുധം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ‘ജസ്പ്രീത് ബൂംറയെപ്പോലൊരു താരത്തെ അടുത്തെങ്ങും കാണാന്‍ സാധിച്ചിട്ടില്ല. അവനാണ് ഇന്ത്യയുടെ വജ്രായുധം. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. മൂന്ന് ഫോര്‍മാറ്റിലും അവന്‍ തന്നെയാണ് കേമന്‍. വിരാട് കോലി, കെ എല്‍ രാഹുല്‍ അങ്ങനെ പലരും ടീമിലുണ്ട്. എന്നാല്‍ ബൂംറ ക്ലാസാണ്. വേള്‍ഡ് ക്ലാസ് താരമാണവന്‍’- ഗംഭീര്‍ പറഞ്ഞു.

ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബൂംറയുടെ ബൗളിങ് മികവിലാണ് മുംബൈ ഇന്ത്യന്‍സ് അഞ്ചാം കിരീടം നേടിയത്. എന്നാല്‍ അതിന് ശേഷം ഓസ്‌ട്രേലിയയിലേക്കെത്തിയ ബൂംറക്ക് ആദ്യ രണ്ട് ഏകദിനത്തിലും മികച്ച ബൗളിങ് കാഴ്ചവെക്കാന്‍ സാധിച്ചുരുന്നില്ല. ന്യൂബോളിലും ഡെത്ത് ഓവറിലും വിക്കറ്റ് വീഴ്ത്താനും റണ്ണൊഴുക്ക് തടയാനും ബൂംറ പരാജയപ്പെട്ടു. എന്നാല്‍ ബൂംറ ശക്തമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകരുള്ളത്. സമീപകാലത്ത് ഏകദിനത്തിലെ ബൂംറയുടെ പ്രകടനം മോശമാണ്. എന്നാല്‍ ശക്തമായി തിരിച്ചെത്താനുള്ള മികവ് ബൂംറയ്ക്കുണ്ട്. ടി20 പരമ്ബരയില്‍ ബൂംറയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയെ ബാധിച്ച പ്രധാന പ്രശ്‌നം ആറാം ബൗളറുടെ അഭാവമാണ്. പന്തെറിയുന്ന ഒരു ബാറ്റ്‌സ്മാന്‍പോലും നിലവിലെ ഇന്ത്യന്‍ നിരയിലില്ല. ഇതാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടീമിനെ വ്യത്യസ്തമാക്കുന്നത്. ഓസീസ് ടീമില്‍ ഗ്ലെന്‍ മാക്‌സ് വെല്‍,സ്‌റ്റോയിസ് തുടങ്ങിയവര്‍ ഓള്‍റൗണ്ട് കരുത്ത് നല്‍കുമ്ബോള്‍ ഇന്ത്യക്ക് അത്തരമൊരു താരമില്ല. ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാനുള്ള കായിക ക്ഷമതയില്ല. പരിക്ക് പൂര്‍ണ്ണമായും ഭേദമാവാത്തതിനാലാണ് ഹര്‍ദിക് പന്തെറിയാനെത്താത്തത്.രണ്ടാം ഏകദിനത്തില്‍ മൂന്ന് ഓവര്‍ പന്തെറിയാന്‍ ഹര്‍ദിക് നിര്‍ബന്ധിതനായിരുന്നു. രവീന്ദ്ര ജഡേജ ബാറ്റിങ്ങില്‍ തിളങ്ങാത്തതിനാല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇന്ത്യക്ക് ആറാം ബൗളറില്ലാത്തതാണ് പ്രധാന പ്രശ്‌നമെന്ന് ഗംഭീറും സമ്മതിച്ചു. ഹര്‍ദിക്കിന് പന്തെറിയാനാവാത്തത് ടീമിന് കടുത്ത തിരിച്ചടിയാണെന്നും ഗംഭീര്‍ പറഞ്ഞു.