കോട്ടയം: കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട് മ്ലാക്കരയിൽ ഉരുൾപ്പൊട്ടൽ. മൂന്ന് ഉരുൾപ്പൊട്ടിയതായാണ് നാട്ടുകാർ പറയുന്നത്. ഇതിനെ തുടർന്ന് കൂട്ടിക്കലിലൂടെ ഒഴുകുന്ന പുല്ലകയാറ്റിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്.

മ്ലാക്കര മൂപ്പൻ മലയിലാണ് ഉരുൾപ്പൊട്ടൽ ഉണ്ടായത്. ഉരുൾപ്പൊട്ടൽ ഉണ്ടായത് ജനവാസ മേഖലയിലല്ല. അതുകൊണ്ടു തന്നെ നശനഷ്ടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

പുല്ലകയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. ഇതുകൊണ്ടുതന്നെ പ്രദേശത്ത് നിന്നും 20ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

പ്രദേശത്തിപ്പോൾ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നാളെ ഗവർണർ കൂട്ടിക്കൽ ഭാഗത്ത് സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.