കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ഭാര്യയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റിയുമായി സാമ്ബത്തിക ഇടപാടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എന്നാല്‍ നിക്ഷേപമുള്ളവരുടെ പട്ടിക പരിശോധിച്ചെങ്കിലും ഈ ഗണത്തില്‍ രവീന്ദ്രന്റെ പേരില്ല. ബന്ധുക്കളുടെ പേരില്‍ ഇടപാടുണ്ടോ എന്നതായിരുന്നു അടുത്ത അന്വേഷണം. 2018 ല്‍ സൊസൈറ്റിക്കായി രവീന്ദ്രന്റെ ഭാര്യയുടെ പേരില്‍ പ്രൊക്ലൈനര്‍ വാടകയ്ക്ക് കൈമാറിയതായി രേഖ ലഭിച്ചു.

എന്നാല്‍ എണ്‍പത് ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്ത്രിയന്ത്രം 2018 ല്‍ സൊസൈറ്റിക്ക് നല്‍കിയ വാടകയിനത്തില്‍ ലക്ഷങ്ങളാണ് കൈപ്പറ്റിയതെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞദിവസം സൊസൈറ്റിയില്‍ ഇ.ഡി നടത്തിയ വിവരശേഖരണത്തിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ലഭിച്ചത്. യന്ത്രം പ്രവര്‍ത്തിക്കുന്ന ഓരോ മണിക്കൂറിലും രണ്ടായിരത്തി അഞ്ഞൂറെന്ന നിരക്കില്‍ വാടക കൈമാറണമെന്നാണ് കരാര്‍. രണ്ടരവര്‍ഷത്തിലധികമായി സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മുക്കത്തെ പാറമടയില്‍ മെഷിന്‍ പ്രവര്‍ത്തിക്കുന്നു. പ്രതിമാസം രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മുടങ്ങാതെ വാടകയായി ലക്ഷങ്ങള്‍ എത്തിയിരുന്നതായും ബാങ്ക് രേഖകള്‍ തെളിയിക്കുന്നു. ഇതിന്റെ മുഴുവന്‍ തെളിവുകളും ഇ.ഡി ശേഖരിച്ചു.