തിരുവനന്തപുരം; തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറ് അറുപതു കിലോമീറ്റര്‍ അകലെയണ്‌ ബുറെവി തീരം തൊട്ടത്.ശ്രീലങ്കന്‍ തീരത്ത് ബുറെവി കനത്ത നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്.

ജാഫ്‌ന, മുല്ലൈതീവ്, കിള്ളിനോച്ചി എന്നീ മേഖലകളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. ബുറെവിയില്‍ നിരവധി നിരവധി വീടുകള്‍ തകര്‍ന്നു. വന്മരങ്ങളുള്‍പ്പെടെ കടുപുഴകി വീണിട്ടുണ്ട്.75,000ത്തോളം പേരെയാണ് പ്രതിരോധ നടപടിയുടെ ഭാഗമായി സര്‍ക്കാര്‍ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ 7 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി ഡിസംബര്‍ 4 ന് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്.ഈ സാഹചര്യത്തില്‍ അതീവവ ജാഗ്രത പാലിക്കേണ്ടതാണെന്ന് കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കി.ഡിസംബര്‍ 3 ന് ഉച്ചയോടെ പാമ്ബന്‍ തീരത്തെത്തുമ്ബോള്‍ ചുഴലിക്കുള്ളിലെ കാറ്റിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിമീ വരെയും ചില അവസരങ്ങളില്‍ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് അറിയിപ്പ്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. പലയിടങ്ങളിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ബുറെവിയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ സജ്ജമാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ 8 കമ്ബനി എന്‍ഡിആര്‍എഫ് സംഘം സംസ്ഥാനത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.തിരുവനന്തപുരത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.