കര്‍ഷകരുടെ പ്രതിഷേധം ശക്തമാവുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ സന്ദര്‍ശിക്കും. നേരത്തേ നിശ്ചയിച്ചത് പ്രകാരം ഇന്നത്തെ കര്‍ഷകരുമായുള്ള ചര്‍ച്ചക്ക് മുന്നോടിയായാണ് സന്ദര്‍ശനം.ഇന്ന് കേന്ദ്രവുമായി നടത്തുന്ന ചര്‍ച്ചയില്‍ 35 കര്‍ഷക സംഘടനകള്‍ പങ്കെടുക്കും. കഴിഞ്ഞദിവസം കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കാര്‍ഷിക വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക നേതാക്കള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
രാവിലെ 11 മണിക്ക് വിഗ്യാന്‍ ഭവനില്‍ വെച്ചാണ് യോഗം നടക്കുക. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, റെയില്‍ മന്ത്രി പിയുഷ് ഗോയല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ കര്‍ഷകര്‍ക്ക് എതിര്‍പ്പുള്ള വിഷയങ്ങള്‍ എഴുതി അറിയിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പുതുതായി പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും നിരുപധികം റദാക്കുക എന്നതിനപ്പുറം മറ്റ് ആവശ്യങ്ങള്‍ മുന്നോട്ട് വെക്കാനില്ലെന്ന് കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചു. ചര്‍ച്ചയില്‍ പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ കര്‍ഷക സംഘടനകള്‍ സമരം കൂടുതല്‍ വ്യാപിപ്പിക്കും. ഡല്‍ഹിയിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വഴികള്‍ കൂടി അടക്കാനുള്ള നീക്കമാണ് നടക്കുന്നത്.