കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ ഇടതുമുന്നണി ഘടക കക്ഷിയാക്കും. ജോസ് കെ. മാണിയുടെ സമീപനത്തെ സിപിഐ സ്വാഗതം ചെയ്തു. നാളെ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഭൂരിപക്ഷ നിലപാട് അംഗീകരിക്കാനാണ് സിപിഐ തീരുമാനം. സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നവംബര്‍ അഞ്ചിന് സംസ്ഥാന എക്‌സിക്യൂട്ടീവും കൗണ്‍സിലും ചേരും.

എല്‍ഡിഎഫിനൊപ്പം സഹകരിക്കാനുള്ള ജോസ് കെ. മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് സിപിഐ. എല്‍ഡിഎഫ് യോഗത്തില്‍ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ധാരണയായി. കേരള കോണ്‍ഗ്രസ് യുഡിഎഫിനെ പരസ്യമായി തള്ളിപ്പറയുകയും രാജ്യസഭ എംപി സ്ഥാനം രാജിവച്ച് ഇടത് മുന്നണിയുമായി സഹകരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജോസിനെ ഇനി എതിര്‍ക്കേണ്ടതില്ലെന്നാണ് സിപിഐ നിലപാട്. ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കുന്നതിനോട് സിപിഐയ്ക്ക് എതിര്‍പ്പില്ലെന്ന സൂചനയും കാനം രാജേന്ദ്രന്‍ നല്‍കി.

സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നവംബര്‍ അഞ്ചിന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും കൗണ്‍സിലും ചേരും. കൊല്ലത്തെ നേതൃതലത്തിലുള്ള ഭിന്നത സംസ്ഥാന നേതൃത്വത്തിന് കീറാമുട്ടിയായ സാഹചര്യത്തിലാണ് പ്രത്യേക യോഗങ്ങള്‍ ചേരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഇതേ യോഗം ചര്‍ച്ച ചെയ്യും