തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 3 പേര്‍ മാത്രമേ പാടുള്ളു. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കി സ്വീകരിക്കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

ഡിസംബര്‍ ആദ്യവാരത്തോടെ നടക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തിലെടുത്ത തീരുമാനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി ഉത്തരവായത്. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 3 പേര്‍ മാത്രമേ പാടുള്ളൂവെന്നാണ് മാനദണ്ഡത്തില്‍ പറയുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്ക, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കി സ്വീകരിക്കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 5 പേര്‍ മാത്രമേ പങ്കെടുക്കാവൂ. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് 3 വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദ്ദേശം.

പ്രചാരണത്തിന് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കണം. പ്രചാരണത്തിന് അവസാനം കുറിച്ചുള്ള കൊട്ടിക്കലാശം ഉണ്ടാകില്ല. പ്രചാരണ ജാഥകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വോട്ടിംഗ് സമയം ബൂത്തിനകത്ത് ഒരേ സമയം 3 വോട്ടര്‍മാര്‍ മാത്രമെ ഉണ്ടാകാവു എന്നും മാനദണ്ഡത്തില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥര്‍ മാസ്‌ക് സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. മാസ്‌ക് നിര്‍ബന്ധമായും ധരിക്കാനും നിര്‍ദ്ദേശമുണ്ട്. പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവക്ക് മുന്‍കൂട്ടി പോലീസിന്റെ അനുമതി വാങ്ങാണമെന്നും മാനദണ്ഡമുണ്ട്. കടുത്ത നിയന്ത്രണത്തോടെയും കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചുമാകും തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.