കൊച്ചി: സ്വര്‍ണ്ണ കടത്തിനു പിന്നില്‍ വമ്പന്‍ സ്രാവുകളുടെ പേരുകളുണ്ടെന്നു എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരാമര്‍ശം കസ്റ്റംസിനും കേന്ദ്ര ഏജന്‍സികള്‍ക്കും ആത്മവിശ്വാസം നല്‍കുന്നതാണ്. ഉന്നതപദവിയിലിരിക്കുന്നവര്‍ ഡോളര്‍ കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന കോടതി നിരീക്ഷണം വിവിഐപികള്‍ അറസ്റ്റിലാകും എന്നതിന്റെ സൂചനയാണ്.
സ്വര്‍ണക്കടത്തുകേസിലെ കസ്റ്റംസ് അന്വേഷണം നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഒത്താശ ചെയ്തതിന് അന്വേഷണസംഘം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച മൊഴികളുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി ശിവശങ്കറെ പ്രതി ചേര്‍ത്തത് ന്യായമാണെന്നും വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കുമ്ബോഴാണ് കോടതിയുടെ ഈ നിരീക്ഷണങ്ങള്‍.
രവീന്ദ്രനും കേസില്‍ പ്രതിയാക്കാന്‍ സാധ്യത ഏറെയാണ്. അതേസമയം ശിവശങ്കറെ രക്ഷിക്കാന്‍ വേണ്ടി ആദ്യഘട്ടത്തില്‍ സ്വപ്ന കളവ് പറഞ്ഞുവെന്നു വ്യക്തമായിട്ടുണ്ടെന്നും വിധിയില്‍ പറയുന്നു. ഇതോടെ ശിവശങ്കറിന് കുരുക്കു മുറുകുകയാണ്. ശിവശങ്കറിനെതിരെ എന്‍ഐഎയും കേസെടുക്കും. യുഎപിഎ ചുമത്തും. ഇതിനൊപ്പം കോഫപോസെ നിയമ പ്രകാരം ശിവശങ്കറിനെ കരുതല്‍ തടങ്കലിലാക്കുന്നതും പരിഗണനയിലാണ്.
അതായത് ഒരുപാടു കാലം ശിവശങ്കറിന് അഴിക്കുള്ളില്‍ റിമാന്‍ഡ് തടവുകാരനായി കിടക്കേണ്ടി വരും.കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ നവംബര്‍ 27 മുതല്‍ 29 വരെ സ്വപ്നയും സരിത്തും നല്കിയ 3 നിര്‍ണായക മൊഴികള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു പരിശോധിച്ച ശേഷമാണു കോടതിയുടെ നിരീക്ഷണം.
പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇവ ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കും. കുറ്റകൃത്യത്തില്‍ പ്രതികള്‍ വെളിപ്പെടുത്തിയവരുടെ യഥാര്‍ഥ പങ്കാളിത്തവും അതിനുള്ള ശക്തമായ തെളിവും കണ്ടെത്തേണ്ടതുണ്ട്. ഇതൊക്കെയാണ് കോടതി നിരീക്ഷണങ്ങള്‍. അതേസമയം ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ എം. ശിവശങ്കര്‍ നല്കിയ ജാമ്യഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
ശിവശങ്കറിനുവേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ ഗുപ്ത ഹാജരാകും. ഇഡിക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവാണു ഹാജരാകുന്നത്. കഴിഞ്ഞ മാസം 28 ന് അറസ്റ്റിലായ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലില്‍ ഹൈക്കോടതി നിലപാടും നിര്‍ണ്ണായകമാകും.