ആംഡ് പോലീഡ് ബറ്റാലിയനിലെ പോലീസുകാരെ തെരുവ്‌നായ്ക്കളോടുപമിച്ച്‌ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ അന്വേഷണം. ഗ്രേഡ് എഎസ്‌ഐ അടക്കം മൂന്ന് പേര്‍ക്കെതിരെയാണ് ദക്ഷിണ മേഖല ഐ ജി അന്വേഷണത്തിന് ഉത്തരവിട്ടത്.

ആംഡ് പോലീസ് ബറ്റാലിയനിലെ പോലീസുകാരെ തെരുവ് നായ്ക്കളോടുപമിച്ച്‌ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ വിവാദമായിരുന്നു. സിപിഒ ശ്രീജിത്ത്, കോട്ടയം സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ചന്ദ്രബാബു, വര്‍ക്കല സ്റ്റേഷനിലെ സിപിഒ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ബറ്റാലിയന്‍ ഡിഐജി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ പോലീസുകാര്‍ തന്നെയെന്ന് കണ്ടെത്തിയത്.

കൊല്ലം ജില്ല പോലീസ് മേധാവി കൈമാറിയ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണ മേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരി അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണത്തിന് ഉത്തരവിട്ടത്. കൊല്ലം വെസ്റ്റ് എസ്‌എച്ച്‌ഒ ക്കാണ് അന്വേഷണ ചുമതല. മൂന്ന് പോലീസുകാര്‍ക്കും ഉടന്‍ മെമ്മോ നല്‍കും. 14 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഐ ജി യുടെ നിര്‍ദേശം.