കൊച്ചി: ദേശാഭിമാനി പത്രത്തിനെതിരെ പരാതിയുമായി ഡോക്ടർ നജ്മ. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മോശമായി ചിത്രകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നജ്മ ദേശാഭിമാനി പത്രം ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസിൽ പരാതി നൽകിയത്. തനിക്കെതിരെ ആക്രമം ഉണ്ടാകുമോയെന്ന ഭീതിയുണ്ടെന്നും പരാതിയിൽ പറയുന്നു.

കളമശേരി മെഡിക്കൽ കോളേജിൽ കൊറോണ രോഗി മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയ ജൂനിയർ ഡോക്ടറാണ് നജ്മ. ദേശാഭിമാനിയും സിഐടിയു കളമശേരിയും ഗവൺമെന്റ് നഴ്‌സസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും സാമൂഹ്യ മാദ്ധ്യമത്തിലെ മറ്റ് പലരും താൻ കെ എസ് യു പ്രവർത്തകയാണെന്ന രീതിയിൽ വാർത്ത നൽകിയിരുന്നു. തികച്ചും വസ്തുതാ വിരുദ്ധാപരമായ വാർത്തയാണിതെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്തകൾ മാനസികമായി തളർത്തിയെന്നും തന്നെ മോശമായി ചിത്രീകരിക്കുകയാണിവയെന്നും നജ്മ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള വാർത്തകൾ മൂലം തനിക്ക് നേരെ ഏതെങ്കിലും തരത്തിൽ ആക്രമണം ഉണ്ടാകുമോയെന്ന് ഭയപ്പെടുന്നുവെന്നും നജ്മ പരാതിയിൽ പറയുന്നു.

കൊറോണ രോഗികളെ കൈകാര്യം ചെയ്യുന്നതിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് നജ്മ വെളിപ്പെടുത്തിയത്. സി.കെ ഹാരിസിന്റെ മരണം വെന്റിലേറ്റർ ബന്ധം വിച്ഛേദിക്കപ്പെട്ടു കിടന്നിരുന്നതിനാലാണെന്നും മുൻപും പല തവണ പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും നജ്മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ചിലർ വ്യാപകമായി വ്യാജ പ്രചാരണം നടത്തിയിരുന്നു. നജ്മയ്ക്ക് ദുരുദ്ദേശമുണ്ടെന്നും ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു പ്രചരിച്ചിരുന്നത്.