ന്യൂഡല്‍ഹി| പുതിയ പാര്‍ട്ടിയുമായി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ചൊവ്വാഴ്ച പുതിയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാല്‍ നടത്തുകയായിരുന്നു. കര്‍ഷക സമരം അവസാനിപ്പിച്ചാല്‍ ബിജെപിയുമായി സീറ്റ് പങ്കുവെക്കുന്ന കാര്യത്തില്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും തുക്രാല്‍ ട്വീറ്റ് ചെയ്തു. പഞ്ചാബില്‍ ആവശ്യം രാഷ്ട്രീയ സ്ഥിരതയും ആഭ്യന്തര, വിദേശ ഭീഷണിയില്‍ നിന്നുള്ള സുരക്ഷയുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പഞ്ചാബ് കോണ്‍ഗ്രസില്‍ ആഭ്യന്തപ കലഹം രൂക്ഷമായതിന് പിന്നാലെ അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെ അമരീന്ദര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാല്‍ കര്‍ഷക സമരം ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. അമരീന്ദര്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗികമായി രാജിവെച്ചിട്ടില്ല.