ചാവക്കാട്: തിരുവത്ര പുതിയറയില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്ന് 37 പവന്‍ ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയില്‍. വാടാനപ്പള്ളി രായംമരക്കാര്‍ വീട്ടില്‍ സുഹൈല്‍(ഓട്ടോ സുഹൈല്‍-42)നെയാണ് ചാവക്കാട് എസ്‌എച്ച്‌ഒ അനില്‍കുമാര്‍ ടി.മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. നവംബര്‍ മൂന്നിനായിരുന്നു സംഭവം. കടപ്പുറം ഗ്രാമ പഞ്ചായത്ത് അഞ്ചങ്ങാടി സല്‍വ റീജന്‍സി ഉടമയും വ്യവസായിയുമായ പുതിയറ വലിയകത്ത് അഷറഫിന്റെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്.

വീടിന്റെ പിന്നിലെ സിസിടിവി ക്യാമറ തകര്‍ത്ത പ്രതികള്‍ പുറകുവശത്തെ വാതില്‍ കുത്തിപൊളിച്ച്‌ അകത്ത് കയറി. മോഷണത്തിന് ശേഷം മുങ്ങിയ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ പിടിയിലായത്. പ്രതിയെ മോഷണം നടന്ന വീട്ടിലെത്തിച്ച്‌ തെളിവെടുത്തു. എസ്‌ഐമാരായ യു.കെ. ഷാജഹാന്‍, അനില്‍, എഎസ്‌ഐ ബിന്ദുരാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.എ. ജിജി, സിപിഒമാരായ ശരത്ത്, ആശിഷ്, പ്രവീണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.