അഹമ്മദാബാദ്: വൃക്കയിലെ കല്ല് നീക്കുന്നതിന് പകരം വൃക്ക തന്നെ ഡോക്ടര്‍ എടുത്ത് മാറ്റിയ സംഭവത്തില്‍ ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴയിട്ട് ഗുജറാത്ത് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ബലാസിനോറിലെ കെഎംജി ജനറല്‍ ആശുപത്രിക്കാണ് പിഴ ചുമത്തിയത്.

വൃക്കയിലെ കല്ല് നീക്കാന്‍ വേണ്ടി വന്ന ഖേദാ ജില്ലയിലെ വാങ്ക്റോളി ഗ്രാമത്തില്‍ നിന്നുള്ള ദേവേന്ദ്രഭായ് റാവല്‍ എന്നയാളുടെ ഇടത് വൃക്കയാണ് ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്ത് നീക്കിയത് .ഇതിന് പിന്നാലെ നാല് മാസങ്ങള്‍ക്ക് ശേഷം രോഗി മരിച്ചു . വിധി പ്രകാരം 2012 മുതല്‍ 7.5 ശതമാനം പലിശയോട് കൂടിയുള്ള തുകയാണ് മരിച്ചയാളുടെ കുടുംബത്തിന് ആശുപത്രി നല്‍കേണ്ടത്.

ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് 2011 ലാണ് ദേവേന്ദ്ര ഭായ് ആശുപത്രിയിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇടത് വൃക്കയില്‍ കല്ല് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 3ന് അദ്ദേഹം ശസ്ത്രക്രിയക്ക്‌ വിധേയമാവുകയായിരുന്നു. ശസ്ത്രക്രിയക്ക്‌ ശേഷമാണ് വൃക്കയിലെ കല്ലിന് പകരം വൃക്കയാണ് എടുത്ത് മാറ്റിയത് എന്ന് തിരിച്ചറിഞ്ഞത് .