കാലാവസ്ഥാ പ്രവചനമനുസരിച്ച്‌ നാളെ മുതല്‍ മൂന്ന് നാള്‍ കൊടും മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ എട്ട് വന്‍കിട ഡാമുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതായി കെ.എസ്.ഇ.ബി സി.എം.ഡി ബി.അശോക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടുക്കി ഇന്ന് ഉച്ചയ്ക്ക് 11നും, ഇടമലയാര്‍ രാവിലെ 6നും തുറക്കും.ഇതിന് പത്തു മണിക്കൂര്‍ മുമ്ബ് ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കും.ജലനിരപ്പ് ഉയരാനിടയുളളയിടങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ ഇന്നലെ ആരംഭിച്ചു. കക്കി,ഷോളയാര്‍,ഇടുക്കി,മാട്ടുപ്പെട്ടി,പെരിങ്ങല്‍കുത്ത്,ഇടമലയാര്‍,പമ്ബ,കല്ലാര്‍ എന്നീ വന്‍കിട ഡാമുകളാണ് തുറക്കുന്നത്. ഇവയെല്ലാം 150 ദശലക്ഷം ക്യുബിക് മീറ്ററിലധികം ജലം സംഭരിച്ചിട്ടുള്ളതാണ്. ഇതില്‍ കക്കി,പെരിങ്ങല്‍കുത്ത്,ഷോളയാര്‍ എന്നിവയില്‍ റെഡ് അലര്‍ട്ടും, മറ്റ് അണക്കെട്ടുകളില്‍ ഒാറഞ്ച് അലര്‍ട്ടും നല്‍കേണ്ട തരത്തിലുള്ള ജലനിരപ്പാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി ഉത്പാദനം കൂട്ടി ജല നിരപ്പ് നിയന്ത്രിക്കാനാകും. എന്നാല്‍ നാളെ മുതല്‍ കടുത്ത മഴയാണെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ടു പോകും. എറണാകുളത്ത് വന്‍പ്രളയ സാഹചര്യം ഒഴിവാക്കാനാണ് ഡാമുകള്‍ തുറന്ന് ജലനിരപ്പ് സുരക്ഷിത നിലയിലേക്ക് താഴ്ത്താന്‍ തീരുമാനിച്ചത്.

പമ്ബയിലെ ജലനിരപ്പ് കൂടികൊണ്ടിരിക്കുകയാണ്.ത്രിവേണി സംഗമത്തില്‍ വെള്ളം ക്രമാതീതമായി ഉയരാനിടയുണ്ട്. പമ്ബയിലെ ഡാം തുറന്നാല്‍ അച്ചന്‍കോവിലാര്‍, മണിമലയാര്‍,മീനച്ചില്‍ എന്നിവയുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കണം.

 ഇടുക്കിയില്‍ അരനൂറ്റാണ്ടിലെ പെരുമഴ

ശനി,ഞായര്‍ ദിവസങ്ങളില്‍ ഇടുക്കിയില്‍ പെയ്തത് കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടയില്‍ ഒക്ടോബര്‍ മാസത്തിലുണ്ടായ ഏറ്റവും കനത്ത മഴയാണ്. ശനിയാഴ്ച മാത്രം അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത് 75.51ദശലക്ഷം ഘനമീറ്റര്‍ ജലമാണ്. . ഇന്നലെ വരെ 110 ദശലക്ഷത്തിലേറെ ഘനമീറ്റര്‍ വെള്ളം വന്നു.

അടുത്ത ദിവസങ്ങളില്‍ മഴ കൂടിയാല്‍ സ്ഥിതി ഗുരുതരമാവും.വൃഷ്ടി പ്രദേശത്ത് എത്ര മഴ പെയ്യുന്നുണ്ടെന്നറിയാന്‍ നിലവില്‍ മാര്‍ഗ്ഗമില്ല. വെള്ളം എത്തിച്ചേരുമ്ബോള്‍ മാത്രമേ അതേക്കുറിച്ച്‌ ധാരണ കിട്ടൂ. 2018ല്‍ ഡാമുകള്‍ തുറന്നു വിട്ടപ്പോള്‍ പുറത്തു വന്ന വെള്ളത്തിന്റെ എട്ടിലൊരംശം മാത്രമായിരിക്കും ഇന്ന് പുറത്തേക്ക് ഒഴുക്കുക.